ബിജെപി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ഥിയാകും: ഇ ശ്രീധരന്
ഇപ്പോൾ തന്നെ ബിജെപിയില്‍ ചേർന്നതുപോലെയാണെന്ന് ഇ ശ്രീധരന്

ബിജെപിയില്‍ ചേരുന്ന കാര്യം സ്ഥിരീകരിച്ച് മെട്രോമാന് ഇ ശ്രീധരന്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരൻ മീഡിയവണിനോട് പറഞ്ഞു.
ഇപ്പോൾ തന്നെ ബിജെപിയില്‍ ചേർന്നതുപോലെയാണ്. കുറച്ചുകാലമായി മനസ്സിലുണ്ടായിരുന്നു ഇക്കാര്യം. സാങ്കേതികമായി അംഗത്വം സ്വീകരിച്ചാല്‍ മാത്രം മതി. ബിജെപി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കും.ഇ ശ്രീധരൻ
ശ്രീധരന് വിജയ യാത്രയിൽ പാർട്ടി അംഗത്വം നൽകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വ്യക്തമാക്കി. അദ്ദേഹത്തോട് ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ഉചിതമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും സുരേന്ദ്രന് അറിയിച്ചു.
ഇ ശ്രീധരന് രണ്ട് മുന്നണികള്‍ക്കും കണ്ണിലെ കരടായത് എന്തുകൊണ്ടാണെന്ന് അറിയാമല്ലോയെന്നും കെ സുരേന്ദ്രന് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കമ്മീഷന് അടിക്കുന്ന കേരളത്തിന്റെ രീതിയെ ശ്രീധരന് എതിര്‍ത്തതോടെ ഉമ്മന്‍ചാണ്ടി അദ്ദേഹത്തെ എതിര്‍ത്തു. പിണറായി വിജയന്റെ സമീപനവും അതുപോലെയായിരുന്നു. ലോകം മുഴുവന്‍ ആദരിക്കുന്ന ശ്രീധരനെപ്പോലുള്ളവര്‍ ബിജെപിയിലേക്ക് വരുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവായ വികാരത്തിന്റെ പ്രതിഫലനമാണെന്നും കെ സുരേന്ദ്രന് അവകാശപ്പെട്ടു.