വൈദ്യുതി വിച്ഛേദിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു
വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന്റെ നിർദേശമെന്നാണ് സനിലിന്റെ മരണമൊഴി.
തിരുവനന്തപുരം പെരുങ്കടവിളയിൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിന് ആത്മഹത്യക്ക് ശ്രമിച്ച സനിൽ എന്ന യുവാവ് മരിച്ചു. വൈദ്യുതി വിച്ഛേദിച്ചതിന് പിന്നിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രന്റെ നിർദേശമെന്നാണ് സനിലിന്റെ മരണമൊഴി. തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേന്ദ്രനെതിരെ മത്സരിച്ചതിന്റെ വൈരാഗ്യം കാരണം സനിലിനെ പഞ്ചായത്ത് പ്രസിഡന്റ് മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് കുടുംബവും ആരോപിച്ചു.
വൈദ്യുതി കുടിശ്ശികയായ 1496 രൂപ അടയ്ക്കാത്തതിനെ തുടർന്ന് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചതിന് പിന്നാലെയാണ് പെരുങ്കടവിള തോട്ടവാരം സ്വദേശി സനിൽ ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ചത്. സ്വയം തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ സനിൽ ഇന്ന് രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയായിരുന്നു.
വൈദ്യുതി കുടിശ്ശിക അടുത്ത ദിവസം തന്നെ കെട്ടിവെയ്ക്കാം എന്ന് പറഞ്ഞെങ്കിലും പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശ പ്രകാരം വൈദ്യുതി വിച്ഛേദിച്ചെന്നാണ് സനിലിന്റെ മരണമൊഴി. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിമത സ്ഥാനാർഥിയായി സുരേന്ദ്രനെതിരെ മത്സരിച്ചതിനെ തുടർന്ന് തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും മൊഴിയിലുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ട് പഞ്ചായത്തിൽ നിന്ന് ആനുകൂല്യങ്ങൾ പലതും നിഷേധിച്ചത് സനിലിനെ വിഷമിപ്പിച്ചിരുന്നതായി മകൻ അഭിജിത്ത് മീഡിയവണിനോട് പറഞ്ഞു.
കുടിശ്ശിക ഉടൻ കെട്ടിവയ്ക്കാം എന്ന് പറഞ്ഞെങ്കിലും കെഎസ്ഇബി അധികൃതർ ചെവിക്കൊണ്ടില്ലെന്ന് ജ്യേഷ്ഠൻ സുരേഷ് പ്രതികരിച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കെഎസ്ഇബി അധികൃതർക്കെതിരെയും സമഗ്രാന്വേഷണം വേണമെന്നും സനിലിന്റെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും വൈദ്യുതി വിച്ഛേദിക്കാൻ ഇടപെട്ടിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേന്ദ്രൻ വിശദീകരിച്ചു.
സനിലിന്റെ കുടുംബത്തിന് നാല് ബിൽ കുടിശ്ശികയുണ്ടായിരുന്നുവെന്നും 15 ദിവസത്തിന് മുൻപ് നോട്ടീസ് നൽകിയിരുന്നതായും കെഎസ്ഇബി മാരായമുട്ടം അസിസ്റ്റൻറ് എൻജിനീയർ ദീപ്തി ആർ ദാസ് പറഞ്ഞു. ഉടൻ തുക അടയ്ക്കാൻ സാധിക്കില്ലെന്ന് സനിലിന്റെ ഭാര്യ പറഞ്ഞ ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും അസിസ്റ്റൻറ് എൻജിനീയർ വ്യക്തമാക്കി.