എ.കെ.ജി സെന്ററിലെ 'അടിച്ചുതളിക്കാരി' പരാമര്‍ശം; എം.കെ മുനീറിന് മറുപടിയുമായി പിണറായി വിജയന്
'അടിച്ചുതളിക്കാരിയോട് മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ? മുനീറിന്റെ സ്വഭാവമല്ല എന്റേത്'

മുസ്ലിം ലീഗ് നേതാവും ഉപ പ്രതിപക്ഷ നേതാവുമായ എം.കെ മുനീറിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രി എ.കെ.ജി സെന്ററിലെ അടിച്ചുതളിക്കാരോട് സംസാരിക്കുന്ന ഭാഷയിലാണ് ഉദ്യോഗാര്‍ഥികളോട് പെരുമാറുന്നത് എന്നായിരുന്നു മുനീറിന്റെ പരാമര്‍ശം.
അടിച്ചുതളിക്കാരിയായാലെന്താണ്, അവരൊരു മനുഷ്യ സ്ത്രീയല്ലേ, അവരും ഒരു തൊഴിലെടുത്താണ് ജീവിക്കുന്നത്. അവരോട് മാന്യമായല്ലേ പെരുമാറേണ്ടത്. മുനീര്‍ പറഞ്ഞത് മുനീറിന്റെ സ്വഭാവമായിരിക്കും. ഞാന്‍ അങ്ങനെയല്ല. മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എ.കെ.ജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് സംസാരിക്കുന്നുവെന്ന് മുനീര്‍ ആരോപിച്ചത്. മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ഏകാധിപതിയാണെന്നും ഈ ഗവണ്മെന്റിന്റെ മരണമണിയാണ് മുഴങ്ങുന്നതെന്നും മുനീര്‍ പറഞ്ഞു. തൊഴിലാളി വര്‍ഗത്തോട് മോശമായി പെരുമാറുന്ന പിണറായി ചെറുപ്പക്കാരോട് പുഞ്ചിരിയോട് പെരുമാറാത്ത ഏകാധിപതിയാണെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.