തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി
മുന്നണി വിട്ട കാപ്പനെതിരെ രാഷ്ട്രീയ വിശദീകരണം എന്ന നിലയിലാണ് പദയാത്ര.

മാണി സി കാപ്പനെ പ്രതിരോധിക്കാൻ പദയാത്രയുമായി ജോസ് കെ മാണി. ഈ മാസം 21 മുതലാണ് പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ജോസ് കെ മാണി മുഴുവൻ സമയവും പദയാത്ര നടത്തുന്നത്. മുന്നണി വിട്ട കാപ്പനെതിരെ രാഷ്ട്രീയ വിശദീകരണം എന്ന നിലയിലാണ് പദയാത്ര.
സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ പദയാത്ര സംബന്ധിച്ച വിവരങ്ങൾ ജോസ് കെ മാണി വിശദീകരിച്ചു. ജോസ് കെ മാണിയുടെ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കം എന്ന നിലയ്ക്കാണ് പദയാത്ര ആസൂത്രണം ചെയ്യുന്നത്. എൽഡിഎഫിന്റെ നേതൃത്വത്തിൽ നടക്കുന്ന പദയാത്ര പാലായിലെ മുഴുവൻ പഞ്ചായത്തുകളിലും എത്തും. മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം കാര്യമായി കാണുന്നില്ലെന്നും ജില്ലാ നേതൃത്വം പറയുന്നു.
13 സീറ്റ് എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നു. എൽഡിഎഫ് നടത്തുന്ന മേഖലാ ജാഥ 18, 19 തിയ്യതികളിൽ കോട്ടയത്ത് എത്തുമ്പോൾ സ്ഥാനാർഥികളെ സംബന്ധിച്ച അന്തിമ ധാരണയുണ്ടാക്കുമെന്ന് ജോസ് കെ മാണി കമ്മിറ്റിയിൽ പറഞ്ഞു. എംഎൽഎമാരായ റോഷി അഗസ്റ്റിനും എൻ ജയരാജും കമ്മിറ്റിയിൽ പങ്കെടുത്തില്ല. ഔദ്യോഗിക കാരണങ്ങളാൽ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.