ആരോഗ്യവകുപ്പില്‍ മൂവായിരം പുതിയ തസ്തികകള്‍
ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിന് കൂടുതല്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനം

ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിന് കൂടുതല്‍ തസ്തിക സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനം. ആരോഗ്യവകുപ്പില്‍ 3000 പുതിയ തസ്തിക സൃഷ്ടിക്കും. ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും, സര്‍ക്കാര്‍ കോളേജുകളിലും, മണ്ണ് സംരക്ഷണ വകുപ്പിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തു.
സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടേയും പ്രതിപക്ഷത്തിന്റേയും സമരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അതിനെ തണുപ്പിക്കാന്‍ വേണ്ടിയാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ആരോഗ്യ, ആയുഷ് വകുപ്പുകളിലായി ഒരുമിച്ച് 3,000 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്കി.
ഹെല്‍ത്ത് സര്‍വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 772, മലബാര്‍ കാന്‍സര്‍ സെന്റര്‍ 33, ആയുഷ് വകുപ്പ് 300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍. ഏതൊക്കെ സ്ഥാപനങ്ങളില്‍ ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കും. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയില്‍ ഇതുവരെ ആകെ 10,272 തസ്തികകള്‍ സൃഷ്ടിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു. ഇത് കൂടാതെ 5 ഹയർ സെക്കൻഡറി സ്കൂളുകളിലായി 151 തസ്തിക സൃഷ്ടിക്കും. മണ്ണ് സംരക്ഷണ വകുപ്പിൽ 111 തസ്തിക സൃഷ്ടിക്കും. ഗവ. കോളജുകളിൽ 100 പുതിയ തസ്തികയാണ് സൃഷ്ടിക്കുന്നത്. കൂടുതല്‍ തസ്തികകള്‍ വരുന്നതോടെ റാങ്ക് പട്ടികയിലുള്ള കൂടുതല്‍ പേര്‍ക്ക് ജോലി കിട്ടുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.