സി.എ.എക്ക് എതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് സമൻസ്
ടി ടി ശ്രീകുമാർ, ഡോ ജെ ദേവിക, നാസർ ഫൈസി കൂടത്തായി, കെ കെ ബാബുരാജ് തുടങ്ങിയവർക്കെതിരായാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമൻസ് അയച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ച സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് സമൻസ്. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ ടി ടി ശ്രീകുമാർ, ഡോ ജെ ദേവിക, എന്‍ പി ചെക്കുട്ടി, കെ കെ ബാബുരാജ്, സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി, വെല്‍ഫെയർ പാർട്ടി നേതാക്കളായ കെ അംബുജാക്ഷന്, ഹമീദ് വാണിയമ്പലം, എസ്ഡിപിഐ നേതാവ് തുളസീധരന്‍ പള്ളിക്കല്‍ തുടങ്ങിവരും അന്തരിച്ച ആക്ടിവിസ്റ്റ് ടി പീറ്ററും പ്രതിപ്പട്ടികയിലുണ്ട്. കെ പി ശശി, അഡ്വ പി എ പൗരന്, ഹാഷിം ചേന്ദംപള്ളി, ഗോമതി, നഹാസ് മാള എന്നിവർക്കെതിരെയും കേസുണ്ട്. 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമൻസ് അയച്ചത്.
2019 ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് സമന്‍സ്. അന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ തുടര്‍ നടപടിയുണ്ടാകുന്നത്. കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ്. അന്ന് ജനകീയ ഹര്‍ത്താലിനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയവര്‍ക്കെതിരെയാണ് നടപടി. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമന്‍സ് ലഭിച്ചവര്‍ ഹാജരാകേണ്ടത്.
കേരളത്തില്‍ സിഎഎ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി തുടരുകയുമാണ്. ശബരിമല - പൗരത്വ സമരങ്ങൾക്ക് എതിരായ കേസുകൾ പിൻവലിക്കുന്ന കാര്യം എൽഡിഎഫിന്റെ മുന്നിൽ വന്നിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ഇന്നലെ പ്രതികരിച്ചിരുന്നു.എല്ലാ കേസുകളും പിൻവലിക്കാനാവില്ല, കേസുകളുടെ സ്വഭാവം പരിഗണിച്ചു മാത്രമേ കേസുകൾ പിൻവലിക്കുന്ന കാര്യം തീരുമാനിക്കാൻ കഴിയൂവെന്നും വിജയരാഘവൻ പറഞ്ഞു.