"മുട്ടിലിഴയേണ്ടത് ഉമ്മൻ ചാണ്ടി; ഉദ്യോഗാർഥികളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് പ്രതിപക്ഷ ശ്രമം": മുഖ്യമന്ത്രി
ഉദ്യോഗാർഥികളോട് സർക്കാരിന് അനുകമ്പ മാത്രമേയുള്ളു. ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ് സർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു

ഉമ്മൻ ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗാർഥികളുടെ കാലിൽ വീഴേണ്ടത് ഉമ്മൻ ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗാർഥികളുടെ മുന്നിൽ മുട്ടിലിഴയേണ്ടതും മറ്റാരുമല്ല. താനാണ് ഇതിനെല്ലാം ഉത്തരവാദിയെന്ന് ഏറ്റുപറയണം. എങ്കിൽ അവരോട് അൽപമെങ്കിലും നീതി പുലർത്തിയെന്ന് പറയാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നിയമന നിരോധനം ശിപാർശ ചെയ്തവരാണ് യുഡിഎഫ്. അക്കാലത്തെ യു.ഡി.എഫ് കൺവീനർ ഉമ്മൻ ചാണ്ടിയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
ഉദ്യോഗാർഥികളുടെ സമരത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ പ്രതിപക്ഷം കുത്സിത ശ്രമം നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സമരത്തെ മുൻ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത് അസാധാരണമെന്നും അദ്ദേഹം പറഞ്ഞു.
കാലാഹരണപ്പെട്ട റാങ്ക് ലിസ്റ്റ് പുനരുജ്ജീവിപ്പിക്കാൻ ഏതെങ്കിലും നിയമവും സാധ്യതയും നാട്ടിലുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതൊന്നും അറിയാത്തവരല്ല നാട് ഭരിച്ച മുൻമുഖ്യമന്ത്രിയും കൂട്ടരും. യുവജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാമോയെന്നാണ് പ്രതിപക്ഷ നേതാക്കൾ നോക്കുന്നത്.
ഉദ്യോഗാർഥികളോട് സർക്കാരിന് അനുകമ്പ മാത്രമേയുള്ളു. ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക എന്നതാണ് സർക്കാർ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിഎസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസം കാലയളവില്‍ 4012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പോലീസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 13825 നിയമനങ്ങള്‍ നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 4791 നിയമനങ്ങളാണ് നടന്നിട്ടുള്ളത്. ഇതു തമ്മിലുള്ള വ്യത്യാസം എല്ലാവര്ക്കും തിരിച്ചറിയാന്‍ കഴിയും. 201620 കാലയളവില്‍ എല്‍ഡിക്ലാര്‍ക്ക് 19120 നിയമനങ്ങള്‍ നല്കി. 201116 കാലയളവില്‍ ഇത് 17711 മാത്രമായിരുന്നു. കോവിഡ് അടക്കമുള്ള സാഹചര്യങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് ഈ സര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ 157909 നിയമന ശുപാര്‍ശകളാണ് പിഎസ്.സി നല്‍യിട്ടുള്ളത്. 27000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44000 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏത് കണക്ക് പരിശോധിച്ചാലും കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ നിയമനവും തസ്തിക സൃഷ്ടിക്കലും ഈ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരു സര്‍ക്കാരിന്റെയും കാലത്തെ കണക്കുകളും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ സര്‍ക്കാരിന്റെ കാലത്ത് 13086 പേരെ പോലീസില്‍ നിയമിക്കാന്‍ നടപടിയെടുത്തു. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഏപ്രില്‍ മൂന്ന് വരെ നീട്ടിയിട്ടുണ്ട്. ഏപ്രില്‍, മേയ് മാസത്തെ ഒഴിവുകളില്‍ കൂടി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടുന്നത് ശരിയല്ല. കൂടുതല്‍ ആളുകള്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ഉണ്ടാകണം. കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.