ക്രിമിനലുകളെ ഇറക്കി ഭരണത്തിന്റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് എ. വിജയരാഘവൻ
സമരം നിലനില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് മറുഭാഗത്ത് പന്തലുകെട്ടിയത് ആസൂത്രിത അക്രമത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണെന്നും വിജയരാഘവന്

അപ്രയോഗികമായ കാര്യത്തിനാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ ഉദ്യോഗാർഥികൾ സമരം ചെയ്യുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. മനഃപൂർവം അക്രമം അഴിച്ചുവിടുകയാണ് ലക്ഷ്യം. തൊഴിലില്ലായ്മ, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളുടെ ഭാഗമാണെന്നും കേരളബാങ്കിലെ നിയമനത്തിൽ കോടതി നിർദേശപ്രകാരം സർക്കാർ പ്രവർത്തിക്കുമെന്നും എ. വിജയ രാഘവൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ പറഞ്ഞത്, പ്രായോഗികത ഒരു പ്രശ്നമാണ്. നിയമപരമായ കാര്യങ്ങളും പ്രശ്നമാണ്. ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഈ രണ്ട് വിഷയവും പ്രശ്നമാണ് എന്നാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞതെന്നും എ. വിജയരാഘന് പറഞ്ഞു.
സമരക്കാരെ അക്രമങ്ങളിലേക്ക് നയിക്കാനാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്ളത്. ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു കാര്യമാണിത്. സമരം നിലനില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് മറുഭാഗത്ത് പന്തലുകെട്ടിയത് ആസൂത്രിത അക്രമത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ്. ക്രിമിനലുകളെ ഇറക്കി ഈ ഭരണത്തിന്റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അപകടകരമായ രാഷ്ട്രീയമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.