നിനിത കണിച്ചേരിയുടെ നിയമന വിവാദത്തില്‍ കാലടി വിസി ഗവണര്‍ക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്
60 ശതമാനം കട്ട് ഓഫ് മാർക്കിന്റ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതെന്ന് റിപ്പോർട്ടില്‍ പറയുന്നു

കാലടി സര്‍വ്വകലാശാലയിൽ അസി. പ്രൊഫസര്‍ ആയി നിനിത കണിച്ചേരിയെ നിയമിച്ചതിൽ കാലടി വൈസ് ചാൻസിലർ ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ട് പുറത്ത്. 60 ശതമാനം കട്ട് ഓഫ് മാർക്കിന്റ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതെന്ന് റിപ്പോർട്ടില്‍ പറയുന്നു.
2018 ലെ യുജിസി മാർഗനിർദേശങ്ങള്‍ പാലിച്ചാണ് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കിയതും അഭിമുഖം നടത്തിയതും. നിയമനത്തിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും കാലടി വിസിയുടെ റിപ്പോർട്ടിലുണ്ട്. അതിനിടെ സേവ് യൂണിവേഴ്സിറ്റി കാമ്പയിന് നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടർക്ക് പരാതി നല്കി.
നിനിത കണിച്ചേരിയുടെ നിയമനത്തില്‍ വിയോജിപ്പറിയിച്ച് വിസിക്ക് കത്തയച്ച വിഷയവിദഗ്ദരിലൊരാളായ ഡോക്ടർ ടി. പവിത്രന് പിന്മാറിയിരുന്നു. വിഷയവിദഗ്ധരുടെ മാർക്കാണ് റാങ്ക് ലിസ്റ്റിന് പരിഗണിക്കുന്നെന്ന ധാരണയുടെ പുറത്താണ് വിയോജിപ്പറിയിച്ചതെന്ന് വി.സിക്ക് നല്കിയ കത്തില്‍ ടി. പവിത്രന് പറയുന്നു.
ഇന്റർവ്യൂ ബോർഡിലംഗങ്ങളായ മൂന്ന് വിഷയവിദഗ്ധർ വിയോജിപ്പറിയിച്ച് വിസിക്ക് കത്തയച്ചതോടെയാണ് കാലടി സർവകലാശാലയിലെ നിനിതയുടെ നിയമനം വിവാദമാകുന്നത്. ഡോ. കെ. എം ഭരതന്, ഡോ. ടി. പവിത്രന്, ഡോ. ഉമർ തറമേല്‍ എന്നിവരായിരുന്നൂ ആ മൂന്നുപേർ. ഇതില്‍ ഡോ. ടി. പവിത്രനാണ് വിയോജിപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് വൈസ് ചാന്‍സലർക്ക് കത്തയച്ചത്. രാഷ്ട്രീയ വിവാദത്തിലേക്ക് നിയമന വിവാദം മാറിയതിനാല്‍ പിന്മാറുന്നുവെന്നാണ് കത്തിലുള്ളത്.