വാഴക്കാലയിലെ കന്യാസ്ത്രീയുടെ മരണത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയായി
സിസ്റ്റർ ജസീനയുടെ പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണത്തിന്റെ സൂചനകൾ
കൊച്ചി വാഴക്കാലയിലെ കന്യാസ്ത്രീയുടെ മരണത്തിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. സിസ്റ്റർ ജസീനയുടെ പോസ്റ്റുമോർട്ടത്തിൽ മുങ്ങിമരണത്തിന്റെ സൂചനകൾ. ശരീരത്തിൽ പരിക്കുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നാണ് വിവരം. ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം മരണകാരണത്തിൽ നിഗമനത്തിലെത്താമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.
കൊച്ചി ഡിസിപി ഐശ്വര്യ ഡോഗ്റെയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോൺവെന്റിൽ പരിശോധന നടത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് കോൺവെന്റിന് സമീപത്തെ പാറമടയിലെ കുളത്തിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ കാണാതായ കന്യാസ്ത്രീയെ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. കാണാതായി അരമണിക്കൂറിനുള്ളിൽ തന്നെ മൃതദേഹം പൊങ്ങിയതിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.