പീരുമേട്ടിൽ ബിജിമോൾക്ക് പകരം കെ കെ ശിവരാമൻ?
മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ തീരുമാനമാണ് ബിജിമോൾക്ക് തിരിച്ചടിയായത്.

തുടർച്ചയായി മൂന്ന് തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ഇ.എസ് ബിജിമോള്‍ കളം വിടുന്ന പീരുമേട് മണ്ഡലത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെ സിപിഐ പരിഗണിക്കുന്നു. മൂന്ന് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടെന്ന സി.പി.ഐ സംസ്ഥാന കൗൺസിൽ തീരുമാനമാണ് ബിജിമോൾക്ക് തിരിച്ചടിയായത്. കഴിഞ്ഞ തവണ 314 വോട്ടിനാണ് ബിജിമോൾ വിജയിച്ചത്.
വെയര്‍ഹൗസിങ് കോര്പറേഷന് ചെയര്‍മാനും തോട്ടം തൊഴിലാളി നേതാവുമായ വാഴൂര്‍ സോമന്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ.ഫിലിപ്പ്, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മുൻ മണ്ഡലം സെക്രട്ടറിയുമായ ജോസ് ഫിലിപ്പ് എന്നിവരുടെ പേരുകളാണ് നേരത്തെ പരിഗണിച്ചിരുന്നത്. വനിതാ സ്ഥാനാർഥിയെന്ന നിലയിൽ ജില്ലാ പഞ്ചായത്ത് അംഗം ആശാ ആന്റണി, മുൻ ജില്ലാ പഞ്ചായത്ത് അംഗവും രണ്ട് തവണ കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ മോളി ഡൊമിനിക്ക് എന്നിവരുടെ പേരുകളും പട്ടികയിലുണ്ടായിരുന്നു.
സ്ഥാനാര്‍ഥിയാകാൻ കൂടുതൽ പേർ രംഗത്ത് എത്തിയതോടെയാണ് സമവായ സ്ഥാനാര്‍ഥിയെന്ന നിലയില്‍ ഇടതുമുന്നണി ജില്ലാ കണ്‍വീനര്‍ കൂടിയായ കെ കെ ശിവരാമന് മുൻഗണന ലഭിച്ചത്. രാഷ്ട്രീയത്തിലെ ക്ലീൻ ഇമേജും ശിവരാമന് തുണയായി. ശിവരാമൻ മത്സരിക്കാൻ സന്നദ്ധനല്ലെങ്കിൽ മാത്രം മറ്റൊരാളെ പരിഗണിച്ചാൽ മതിയെന്നാണ് സിപിഐയിൽ തത്വത്തിൽ ധാരണയായിരിക്കുന്നത്.
2006 ഒക്ടോബറില്‍ ആര്. ശ്രീധരന്റെ മരണത്തോടെ പാർട്ടി ജില്ലാ സെക്രട്ടറിയായ ശിവരാമന് പിന്നീട് നാല് തവണ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 68കാരനായ ശിവരാമന് 1970ലാണ് സിപിഐ അംഗമാകുന്നത്. ഇളംദേശം ബി.ഡി.സി ചെയര്‍മാനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. ജനയുഗം ദിനപത്രത്തിന്റെ ജില്ലാ ലേഖകനായിരിക്കെ ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.