വൃദ്ധ മാതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകളും മരുമകനും കടന്നു കളഞ്ഞതായി ആക്ഷേപം
തിരുവനന്തപുരം അരുവിക്കരക്കോണത്താണ് സംഭവം
വൃദ്ധ മാതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകളും മരുമകനും കടന്നു കളഞ്ഞതായി ആക്ഷേപം. തിരുവനന്തപുരം അരുവിക്കരക്കോണത്താണ് സംഭവം. 70 വയസുള്ള സാവിത്രിയോടായിരുന്നു മക്കളുടെ ഈ ക്രൂരത.
12ാം തിയതിയാണ് സാവിത്രിയുടെ മകൾ രമയും ബാലുവും വാടക വീട്ടിൽ നിന്ന് ഒഴിഞ്ഞത്. അമ്മയെ പേരൂർക്കടയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെന്നും വീട്ടുടമസ്ഥരെ അറിയിച്ചു. വീടു പൂട്ടി താക്കോലും തിരികെ ഏൽപ്പിച്ചാണ് മടങ്ങിയത് . ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് ശബ്ദം കേട്ട നാട്ടുകാരാണ് വീട്ടിനുള്ളിൽ ആളുണ്ടെന്ന് മനസ്സിലാക്കിയത്.
അവശനിലയിലാണ് അമ്മയെ കണ്ടെത്തിയത്. നാട്ടുകാർ ഭക്ഷണവും വെള്ളവും നൽകി. മരുമകൻ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പറഞ്ഞു. അമ്മയെ കരുണാലയത്തിലേക്ക് മാറ്റി. മകളെയും മരുമകനെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.