വഹാബിന്റെ കണ്ണ് നിയമസഭയിൽ, നിലപാടെടുക്കാനാകാതെ മുസ്ലിം ലീഗ് നേതൃത്വം
രാജ്യസഭാ പ്രതിനിധിയിൽ ലീഗിൽ ആശയക്കുഴപ്പം

മലപ്പുറം: രാജ്യസഭയിൽ കാലാവധി പൂർത്തിയാക്കുന്ന മുസ്ലിംലീഗ് എംപി പി.വി അബ്ദുൽ വഹാബിന്റെ കണ്ണ് നിയമസഭയിൽ. ഏറനാട്ടിലോ മഞ്ചേരിയിലോ മത്സരിക്കാനുള്ള താത്പര്യം വഹാബ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കാതെ ധർമസങ്കടത്തിലാണ് ലീഗ്.
നേരത്തെ, മഞ്ചേരിയിൽ വഹാബിനെ മത്സരിപ്പിക്കാൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുൾപ്പെടെയുള്ള നേതാക്കൾ പ്രാഥമിക ധാരണയിലെത്തിയിരുന്നു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിന് നൽകാനും ധാരണയായിരുന്നു. എന്നാൽ നിയമസഭയിൽ മത്സരിക്കാൻ മജീദ് താത്പര്യം പ്രകടിപ്പിച്ചതോടെ നേതൃത്വം വെട്ടിലാകുകയായിരുന്നു.
ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്കൊപ്പം രാജ്യസഭാംഗമായ വഹാബ് കൂടി മത്സരത്തിന് ഇറങ്ങിയാൽ അത് തിരിച്ചടിയുണ്ടാക്കും എന്ന വിലയിരുത്തൽ പാർട്ടിക്കുള്ളിലുണ്ട്. അതു കൊണ്ടു തന്നെ ഒരിക്കൽക്കൂടി വഹാബ് രാജ്യസഭയിലേക്ക് പോകട്ടെ എന്ന നിലപാടിലാണ് ലീഗിലെ ഒരുവിഭാഗം. അങ്ങനെയെങ്കിൽ മജീദിന് മലപ്പുറത്തോ വേങ്ങരയിലോ സീറ്റ് നൽകിയേക്കും.

എന്നാൽ നാലു പതിറ്റാണ്ടായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള മജീദിന് ഈ തെരഞ്ഞെടുപ്പിലും അവസരം നൽകുന്നത് യുവാക്കൾക്കിടയിൽ അവമതിപ്പുണ്ടാക്കും എന്ന അഭിപ്രായവും ശക്തമാണ്. എന്നാൽ അവസാനമായി മത്സരിച്ചത് 1996ലാണ്. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ അങ്കത്തിനിറങ്ങിയെങ്കിലും ലീഗിന്റെ ഉറച്ച കോട്ടയിൽ മജീദ് തോറ്റു. ഈ തോൽവി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മജീദിന് വലിയ തിരിച്ചടിയാകുകയും ചെയ്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയ ആശയം നിയമസഭയിലും നടപ്പാക്കണമെന്ന അഭിപ്രായം പാർട്ടി ഉന്നതാധികാര സമിതി അംഗം സാദിഖലി ശിഹാബ് തങ്ങളുൾപ്പെടെയുള്ളവർ മുമ്പോട്ടു വച്ചിട്ടുണ്ട്. പാർട്ടി അതു ചെവിക്കൊണ്ടാൽ മജീദിന് ഇത്തവണ ഇടം ലഭിക്കില്ല. മാത്രമല്ല, നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ മജീദിന് പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട സാഹചര്യവുമുണ്ട്. പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതും വെല്ലുവിളിയാണ്. രാജ്യസഭാംഗമാകുകയാണ് എങ്കിൽ ജനറൽ സെക്രട്ടറിയായി തുടരാമെന്നും വിലയിരുത്തലുണ്ട്.

ലോക്സഭാംഗത്വം രാജിവച്ച പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കുന്നതെവിടെ എന്നതടക്കമുള്ള കാര്യങ്ങളിൽ ലീഗിന് അകത്ത് ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വഹാബും മജീദും സീറ്റു വേണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. ഇതാണ് പാർട്ടിയെ വെട്ടിലാക്കുന്നതും.