LiveTV

Live

Kerala

ശബരിമല: സർക്കാരിനെ സമ്മർദത്തിലാക്കി എൻഎസ്എസ്

പ്രതിപക്ഷത്തെ തലോടുന്ന നിലപാടാണ് എൻഎസ്എസ് സ്വീകരിച്ചത്

ശബരിമല: സർക്കാരിനെ സമ്മർദത്തിലാക്കി എൻഎസ്എസ്

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ സമ്മർദത്തിലാക്കി എൻഎസ്എസ്. നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിശ്വാസികൾക്കെതിരായ കേസിൽ സർക്കാർ മൗനം പാലിക്കുന്നത് പ്രതികാര മനോഭാവമെന്നും സുകുമാരൻ നായർ പറഞ്ഞു.

ശബരിമല വിഷയത്തിൽ എൽഡിഎഫ് സർക്കാറിനെ തല്ലി, പ്രതിപക്ഷത്തെ തലോടുന്ന നിലപാടാണ് എൻഎസ്എസ് സ്വീകരിക്കുന്നത്. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കപ്പെടാനാണ് നാമജപ ഘോഷയാത്ര അടക്കം നടത്തിയത്. എന്നാൽ അതിൽ പങ്കെടുത്ത വിശ്വാസികളുടെ മേൽ കേസ് ഇപ്പോഴും നിലനില്‍ക്കുന്നു. തൊഴിൽരഹിതരും വിദ്യാർത്ഥികളും വിദേശത്ത് പോകേണ്ടവരുമായ നിരവധി പേർക്കെതിരെയാണ് കേസ്. ഇതിലും ഗൗരവം ഏറിയ കേസുകൾ പലതും സർക്കാർ പിൻവലിച്ചു. വിശ്വാസികളുടെ മേൽ ചുമത്തിയ കേസുകൾ പിൻവലിക്കാൻ ധാർമികമായ ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു. കേസ് പിൻവലിക്കാത്ത പക്ഷം വിശ്വാസികളോട് സർക്കാരിന് പ്രതികാര മനോഭാവം ഉണ്ടെന്ന് കരുതേണ്ടിവരുമെന്നും ജി സുകുമാരൻ നായർ പറയുന്നു.

ശബരിമല വിഷയത്തിൽ മൂന്ന് മുന്നണികളെയും കഴിഞ്ഞ ദിവസം വിമർശിച്ച എൻഎസ്എസ്, യുഡിഎഫ് നിലപാടിൽ പിന്നീട് തൃപ്തി അറിയിച്ച് പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ സർക്കാരിനെ വിമർശിച്ചത് എന്നത് ശ്രദ്ധേയമാണ്.