വൈരുദ്ധ്യാത്മക ഭൗതികവാദം കമ്യൂണിസ്റ്റുകാർ മുറുകെ പിടിക്കണം; എം.വി ഗോവിന്ദനെതിരെ എ.കെ ബാലന്
'വൈരുദ്ധ്യാത്മക ഭൗതികവാദം തെളിമയുള്ള ഒരു പ്രത്യയശാസ്ത്രം ആണ്, അതിനെ കമ്യൂണിസ്റ്റുകാർ മുറുകെ പിടിക്കണം'

നിലവിലെ ഇന്ത്യൻ പശ്ചാത്തലത്തിൽ വൈരുദ്ധ്യാത്മക ഭൗതിക വാദ ദർശനം പ്രായോഗികമല്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ വാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി എ.കെ ബാലന്. വൈരുദ്ധ്യാത്മക ഭൗതികവാദം തെളിമയുള്ള ഒരു പ്രത്യയശാസ്ത്രം ആണ്, അതിനെ കമ്യൂണിസ്റ്റുകാർ മുറുകെ പിടിക്കണമെന്നും അത് വിശ്വസിക്കാന്‍ പറ്റാത്ത തത്വശാസ്ത്രമാണ് എന്ന ധാരണ സംഘപരിവാര്‍, ബിജെപിയുണ്ടാക്കുമ്പോള് ഇത് ശരിയാണോ എന്ന തോന്നല്‍ നമുക്ക് കൂടിയുണ്ടായാല്‍ ഇതിന്റെ കൂടെ ആളുണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. എസ് എഫ് ഐ സംഘടിപ്പിച്ച സ്മൃതിസാഗരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ ബാലന്റെ പ്രസംഗത്തില്‍ നിന്നും;
ഈ ആശയത്തിന് ഔപചാരിക തലത്തില്‍ വലിയ സ്വാധീനമുള്ള ഘട്ടമാണ് ഇപ്പോള്‍. പ്രത്യേകിച്ച് ബി.ജെ.പി, ആര്.എസ്.എസ്, സംഘപരിവാര്‍ ശക്തികളുടെ ഭരണത്തിന് കീഴില്‍. അവരുടെ ആക്രമണം നമുക്കെതിരായിട്ടാണ്. അത് കൊണ്ട് ഈ തനിമയുള്ള പ്രത്യയശാസ്ത്രമാണ് മൂലധന ശക്തികള്‍ക്കെതിരായി ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ പറ്റുന്ന പ്രത്യയ ശാസ്ത്രം. അത് മുറുകെ പിടിക്കാന്‍ നമുക്ക് സാധിക്കണം. നമുക്ക് വിശ്വസിക്കാന്‍ പറ്റാത്ത നമുക്ക് ഉപയോഗിക്കാന്‍ പറ്റാത്ത തത്വശാസ്ത്രമാണ് ഇത് എന്ന ധാരണ അവരുണ്ടാക്കുമ്പോള് ഇത് ശരിയാണോ എന്ന തോന്നല്‍ നമുക്ക് കൂടിയുണ്ടാകുമ്പോള്‍ ഇതിന്റെ കൂടെ ആളുണ്ടാവില്ല. ആശയം എന്ന് പറയുന്നത് പ്രത്യയശാസ്ത്രമെന്ന് പറയുന്നത് വില്‍ക്കുന്നതാണ്. അത് വാങ്ങാന്‍ ആളുണ്ടാവണം. അപ്പോള്‍ വില്‍ക്കുന്ന ആള്‍ക്കാര്‍ക്ക് ഇതില്‍ ആത്മവിശ്വാസമുണ്ടാകണം.