നിയമസഭയിലേക്ക് മത്സരിക്കരുത്, വോട്ടര്‍മാരോട് മാപ്പ് പറയണം; കുഞ്ഞാലിക്കുട്ടിക്കെതിരെ യുവജന കൂട്ടായ്മ
അടിക്കടി ഉപതെരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായി വോട്ടർമാരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു എന്നാണ് ആരോപണം

ലോക്സഭാംഗത്വം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രതിഷേധവുമായി മലപ്പുറത്ത് യുവജന കൂട്ടായ്മ. അടിക്കടി ഉപതെരഞ്ഞെടുപ്പുകൾക്ക് കാരണക്കാരനായി വോട്ടർമാരുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നു എന്നാണ് ആരോപണം. എംപി സ്ഥാനം രാജിവച്ചതിൽ കുഞ്ഞാലിക്കുട്ടി വോട്ടർമാരോട് മാപ്പ് പറയണമെന്നും നിയസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കരുതെന്നും ആത്മാഭിമാന സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
മലപ്പുറം നമ്മുടെ ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തിയാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മലപ്പുറം ആത്മാഭിമാന സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്തെത്തിയത് . മുസ്ലീം ലീഗിനെയും യു.ഡി.എഫിനെയും വിശ്വസിച്ച് കുഞ്ഞാലിക്കുട്ടിക്ക് നൽകിയ 5.9 ലക്ഷം വോട്ടിന് കടലാസിന്റെ വില പോലും നൽകിയില്ല. പൊതു അഭിപ്രായത്തെ തള്ളിക്കളഞ്ഞും വോട്ടർമാരെ വെല്ലുവിളിച്ചും കുറ്റബോധമില്ലാതെയാണ് കുഞ്ഞാലിക്കുട്ടിയുടെ രാജിയെന്ന് സംഘടനാ ഭാരവാഹികൾ ആരോപിച്ചു.
സ്വാർത്ഥ അധികാര ലാഭത്തിന് വേണ്ടി രാജിവച്ച കുഞ്ഞാലിക്കുട്ടി പാപഭാരം പാണക്കാട് തങ്ങളുടെ തലയിൽ കെട്ടി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് കൂട്ടായ്മയുടെ ആരോപണം. രാഷ്ട്രീയത്തിന് അതീതമെന്ന് അവകാശപ്പെടുന്ന സംഘടനക്ക് നേതൃത്വം കൊടുക്കുന്നത് എം.എസ്.എഫ് മുൻ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ്.