കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമമെന്ന് പരാതി: രണ്ട് പേർ കസ്റ്റഡിയില്‍
വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം സ്വദേശികളാണ് പിടിയിലായത്.
കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരുടെ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കം കല്ലുരുട്ടി സ്വദേശികൾ ആയ ജസീം (24) തൻസീം (21) എന്നിവരാണ് പിടിയിലായത്. വീതി കുറഞ്ഞ റോഡ് ആയിരുന്നുവെന്നും അല്ലാതെ പിന്തുടരാനോ അപായപ്പെടുത്താനോ ശ്രമിച്ചിട്ടില്ലെന്നുമാണ് യുവാക്കളുടെ മൊഴി. കൊണ്ടോട്ടി പൊലീസാണ് അന്വേഷണം നടത്തുന്നത്.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സുമിത്ത് കുമാര്‍. കല്പറ്റയിലെ കസ്റ്റംസ് ഓഫീസിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവേ തന്നെ അപായപ്പെടുത്താന്‍ നീക്കമുണ്ടായെന്നാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തലവന്‍ കൂടിയായ സുമിത്ത് കുമാര്‍ പരാതി നല്‍കിയത്. ഫേസ് ബുക്കില്‍ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു ഗൂഢസംഘം തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ എടുത്തുവെന്നും കസ്റ്റംസ് അന്വേഷണം ആരംഭിച്ചുവെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഈ ഗൂഢ സംഘത്തെയും അവരുടെ ഗോഡ്ഫാദറെയും പുറത്ത് കൊണ്ടുവരുമെന്നും സുമിത്ത് കുമാര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
KL 07 CJ 379 എന്ന വാഹനത്തിൽ എത്തിയവരാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് സുമിത് കുമാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സുമിത് കുമാര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ മുന്നിൽ വിലങ്ങനെ വാഹനം കൊണ്ടുവന്ന് യാത്രാ തടസമുണ്ടാക്കി അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നാണ് പരാതി.