കെ. മുരളീധരനെ പ്രചാരണരംഗത്തിറക്കണം; ആവശ്യവുമായി മുസ്ലിം ലീഗ് ഹൈക്കമാൻഡിനു മുന്നിൽ
വടകരക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളീധരൻ നേരത്തേ പരസ്യമായി പറഞ്ഞിരുന്നു

കോഴിക്കോട്: വടകര മണ്ഡലത്തിൽ മാത്രമേ പ്രചാരണത്തിനിറങ്ങൂവെന്ന് പ്രഖ്യാപിക്കുകയും രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്ന കെ.മുരളീധരനെ രംഗത്തിറക്കാൻ മുസ്ലിം ലീഗിന്റെ ഇടപെടൽ. കെ.മുരളീധരൻ മലബാറിൽ പ്രചാരണ രംഗത്ത് സജീവമാകാതെ യുഡിഎഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാൻഡിനെ അറിയിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അൻവറിനോടാണ് ലീഗ് നേതൃത്വം ഇതു സംബന്ധിച്ച ആശയവിനിമയം നടത്തിയത്. പാർലമെന്റ് സമ്മേളനത്തിന്റെ പേരിൽ ഡൽഹിയിൽ തുടരുന്ന മുരളീധരൻ രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയുടെ ഒരു വേദിയിലും ഇതുവരെ പങ്കെടുത്തിട്ടില്ല. വടകരക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുരളീധരൻ നേരത്തേ പരസ്യമായി പറഞ്ഞിരുന്നു.
കെ.മുരളീധരനെ പോലെ സിപിഎമ്മിനെ കടന്നാക്രമിക്കുകയും പാർട്ടി അണികൾക്ക് ആവേശം പകരുകയും ചെയ്യുന്ന നേതാവ് മാറി നിന്നാൽ മലബാറിൽ തിരിച്ചടിയുണ്ടാകുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ.
ഇക്കാര്യത്തിലുള്ള ആശങ്ക ലീഗ് നേതൃത്വം ഹൈക്കമാൻഡുമായി പങ്കുവെച്ചു. വ്യാഴാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച ഇ.അഹമ്മദ് അനുസ്മരണത്തിന്റെ ഉദ്ഘാടനത്തിന് കെ.മുരളീധരനെ ക്ഷണിച്ച ലീഗ് നീക്കവും ഹൈക്കമാൻഡിന് സന്ദേശം നല്കാനായിരുന്നു.
എ കെ ആൻറണി, കെ സി വേണുഗോപാൽ തുടങ്ങിയ പ്രമുഖരെല്ലാം ഡൽഹിയിൽ ഉണ്ടായിരിക്കെയാണ് മുരളീധരനെ ക്ഷണിച്ചത് എന്നതും ശ്രദ്ധേയമാണ്. ലീഗിന്റെ പോഷക സംഘടനയായ കെ എം സി സിയുടെ ഡൽഹി ഘടകമാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വടകരയിലെ ആർഎംപി സഖ്യവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി മുരളീധരൻ ഏറ്റുമുട്ടിയിരുന്നു.
ഹൈക്കമാൻഡ് ഇടപെടലിനെ തുടർന്നാണ് ഇരുവരും പിൻമാറിയത്. പിന്നീട് കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മുരളീധരനെ പരിഗണിക്കുന്നുവെന്ന പ്രചാരണമുണ്ടായി. പാർട്ടി അധ്യക്ഷ സ്ഥാനം ലഭിക്കാതെ വന്നതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാണിച്ച ആവേശത്തിൽ നിന്നും മുരളീധരൻ പിറകോട്ടു പോയി. ഒപ്പം പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കമാൻഡ് നിർദേശവും വന്നു.
വടകര മണ്ഡലത്തിൽ ലോക്സഭയിൽ ലഭിച്ച ഭൂരിപക്ഷം നിലനിർത്തുകയെന്ന ഉത്തരവാദിത്തമേ തനിക്കുള്ളൂവെന്നാണ് മുരളീധരന്റെ നിലപാട്. പിൻവാങ്ങി നിൽക്കുന്ന മുരളീധരനെ സജീവമാക്കി രംഗത്തിറക്കിയാൽ മലബാറിലാകെ ആവേശമുണ്ടാക്കാമെന്നാണ് ലീഗ് നിലപാട്.