LiveTV

Live

Kerala

വിതുര പെൺവാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

1996 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.

വിതുര പെൺവാണിഭ കേസ്: ഒന്നാം പ്രതി സുരേഷ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും

വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി സുരേഷ് കുറ്റക്കാരൻ ആണെന്ന് കോടതി വിധിച്ചു. തടവിൽ പാർപ്പിക്കൽ, അനാശ്യാസ്യം, പെൺകുട്ടിയെ ആളുകൾക്ക് കൈമാറൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും.

ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ സ്വദേശി ഷാജഹാൻ എന്ന സുരേഷ് ആണ് വിതുര പെൺവാണിഭ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 1995 ൽ പെൺകുട്ടിയെ സുരേഷ് വീട്ടിൽനിന്ന് ഇറക്കി ബലാത്സംഗത്തിന് പ്രേരിപ്പിക്കുകയും വിവിധ ആളുകൾക്ക് വിൽക്കുകയും ചെയ്തു എന്നാണ് കേസ്. വിതുര കേസിൽ ആദ്യമായാണ് ഒരു പ്രതി കുറ്റക്കാരൻ എന്ന് കോടതി കണ്ടെത്തിയത്. സുരേഷിനെതിരെ ബലാത്സംഗം പ്രേരണ നിലനിൽക്കില്ലെന്നും കോടതി കണ്ടെത്തി.

കേസിലെ മറ്റ് പ്രതികളെ കോടതിയിൽ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. ചലച്ചിത്രതാരം ജഗതി ശ്രീകുമാർ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ നേരത്തെ വിട്ടിരുന്നു. സുരേഷിനെതിരെ ഉള്ള 24 കേസുകളിൽ ആദ്യത്തെ കേസിലാണ് വിധി പറഞ്ഞത്. ബലാത്സംഗം അടക്കമുള്ള കേസുകളിൽ വിചാരണ പൂർത്തിയായിട്ടില്ല. കേസിൽ നാളെ ശിക്ഷ വിധിക്കും.

കോട്ടയം ജില്ലാ അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റകാരനെന്ന് കണ്ടെത്തിയത്. കേസെടുത്ത് പതിനെട്ട് വർഷത്തിന് ശേഷം കീഴടങ്ങിയ സുരേഷ് ഒരു വർഷത്തെ ജയിൽ വാസത്തിന് ശേഷം ജാമ്യത്തിലിരിക്കെ ഒളിവിൽ പോകുകയായിരുന്നു. കേസിൽ പെൺകുട്ടിയുടെ വിസ്താരം നടക്കുന്നതിനിടെയാണ് സുരേഷ് ഒളിവിൽ പോയത്. കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ ഹൈദരാബാദില്‍ നിന്നാണ് 2019 ജൂണില്‍ ക്രൈംബ്രാഞ്ച് പിടികൂടിയത്. 21 കേസുകളിൽ സുരേഷിനെ കോട്ടയം അഡീഷണല്‍ സെഷൻസ് സ്പെഷ്യൽ കോടതി പിടികിട്ടാപുള്ളി ആയി പ്രഖ്യാപിച്ചിരുന്നു. വിതുര കേസിൽ കോടതി റിമാൻഡ് ചെയ്ത സുരേഷ് ജാമ്യം എടുത്തു മുങ്ങുകയായിരുന്നു ഇയാള്‍. 2014 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു.