സിമി ബന്ധം ആരോപിക്കപ്പെട്ട് ഭോപ്പാൽ ജയിലിൽ കഴിയുന്ന മലയാളി സഹോദരങ്ങൾ നിരാഹാര സമരത്തിൽ
ശിബിലി, ശാദുലി, മുഹമ്മദ് അൻസാർ തുടങ്ങി ഏഴു പ്രതികളാണ് മധ്യപ്രദേശിലെ ഭോപ്പാൽ ജയിലിൽ 2016 മുതൽ ഏകാന്ത തടവിൽ കഴിയുന്നത്

സിമി ബന്ധം ആരോപിക്കപ്പെട്ട് ഭോപ്പാൽ ജയിലിൽ കഴിയുന്ന കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സഹോദരങ്ങൾ നിരാഹാര സമരത്തിൽ. മനുഷ്യാവകാശ കമ്മീഷൻ ശുപാർശകൾ നടപ്പാക്കണമെന്നും ഏകാന്ത തടവ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വിചാരണ തടവുകാരുടെ നിരാഹാര സമരം.
ഈരാറ്റുപേട്ട സ്വദേശികളായ ശിബിലി, ശാദുലി, മുഹമ്മദ് അൻസാർ തുടങ്ങി ഏഴു പ്രതികളാണ് മധ്യപ്രദേശിലെ ഭോപ്പാൽ ജയിലിൽ 2016 മുതൽ ഏകാന്ത തടവിൽ കഴിയുന്നത്. 2008ലെ അഹമ്മദാബാദ് സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ടാണ് ഇവർ വിചാരണ തടവുകാരായി കഴിയുന്നത്. ഇവരുമായി ബന്ധപ്പെടാൻ പോലും ബന്ധുക്കളെ അനുവദിക്കുന്നില്ലെന്ന് ശിബിലി, ശാദുലി എന്നീ സഹോദരങ്ങളുടെ പിതാവ് പറയുന്നു.
മറ്റുള്ള മുസ്ലീം തടവുകാർക്ക് നമസ്കാരത്തിന് അവസരം കൊടുക്കുന്നുവെങ്കിലും യു.എ.പി.എ ചുമത്തിയ ഇവർക്ക് അതിനു പോലും അവസരം നൽകുന്നില്ലെന്നും തടവുകാരുടെ വീട്ടുകാർ പറയുന്നു.
തടവുകാരുടെ അവസ്ഥയിൽ ദേശീയ മാനുഷയാവകാശ കമ്മീഷൻ നേരിട്ട് ഇടപെടൽ നടത്തിയിട്ട് പോലും ഫലപ്രദമായി ജയിൽ അധികൃതർ അവ നടപ്പാക്കുന്നില്ലെന്നും വീട്ടുകാർ പരാതിപ്പെടുന്നു.