LiveTV

Live

Kerala

അഴീക്കോട്ട് മത്സരിക്കുമോ? ഉറപ്പല്ലേ എന്ന് കെഎം ഷാജി

മൂന്നാം തവണയും പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട്ട് മത്സരിക്കുമോ എന്ന ചോദ്യത്തിനായിരുന്നു ഷാജിയുടെ മറുപടി

അഴീക്കോട്ട് മത്സരിക്കുമോ? ഉറപ്പല്ലേ എന്ന് കെഎം ഷാജി

കണ്ണൂർ: അഴീക്കോട് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ച് മുസ്‌ലിംലീഗ് നേതാവ് കെ.എം ഷാജി. യുഡിഎഫിന്റെ സ്ഥാനാർത്ഥിയേ അഴീക്കോട്ട് ജയിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയും പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട്ട് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉറപ്പല്ലേ എന്നായിരുന്നു ഷാജിയുടെ മറുപടി.

'ഞാൻ ആഗ്രഹിച്ചിട്ട് ഒരു തെരഞ്ഞെടുപ്പിൽ ഇതുവരെ മത്സരിച്ചിട്ടില്ല. ഞാൻ ആഗ്രഹിച്ച സ്ഥലത്ത് പാർട്ടി ഇടാറുമില്ല. പാർട്ടിക്ക് താത്പര്യമുള്ള ഇടത്താണ് മത്സരിക്കുന്നത്. ജയസാധ്യതയോ മറ്റു സാധ്യതകളോ പരിശോധിച്ചാണ് പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കുക. എന്റെ കാര്യത്തിലും പാർട്ടിയുടെ ഭാഗത്തു നിന്ന് വിട്ടുവീഴ്ചയുണ്ടാകുമെന്ന് തോന്നുന്നുമില്ല' - ഷാജി വ്യക്തമാക്കി.

യുഡിഎഫിന്റെ സ്ഥാനാർത്ഥിയേ അഴീക്കോട്ട് ജയിക്കൂ. അത് രണ്ടു തവണയും തെളിയിക്കപ്പെട്ടതാണ്. പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കും. ജയിക്കുകയും ചെയ്യും. അതിൽ സംശയം വേണ്ട
കെഎം ഷാജി

മൂന്നാം തവണയാണ് ഷാജി അഴീക്കോട്ട് മത്സരത്തിന് കച്ച മുറുക്കുന്നത്. നേരത്തെ, ഇനി മണ്ഡലത്തിൽ മത്സരത്തിനില്ലെന്ന് ഷാജി ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരിയെ ഇത്തവണ മത്സരിപ്പിക്കാമെന്ന് നേതൃത്വം കണക്കുകൂട്ടുകയും ചെയ്തിരുന്നു. അത് സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിരുന്നു.

സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്ക് മാറാനായിരുന്നു ഷാജിയുടെ പദ്ധതി. കാസർക്കോട്, കൊടുവള്ളി മണ്ഡലങ്ങളിലാണ് ഷാജി കണ്ണുവച്ചിരുന്നത്.

എന്നാൽ ജില്ലയ്ക്ക് പുറത്തു നിന്നുള്ള ഒരാളെ വേണ്ടെന്നാണ് കാസർക്കോട് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. കൊടുവള്ളിയിൽ പ്രതിപക്ഷ ഉപനേതാവ് ഡോ എംകെ മുനീറിനും കണ്ണുണ്ട്.