കഴക്കൂട്ടത്ത് കടകംപള്ളി തന്നെ; കാത്തിരിക്കുന്നത് കേന്ദ്ര -സംസ്ഥാന മന്ത്രിമാർ തമ്മിലുള്ള പോരാട്ടം
ബി.ജെ.പിക്ക് ശക്തമായ വളർച്ചയുള്ള മണ്ഡലമായതിനാൽ ഭാഗ്യപരീക്ഷണം വേണ്ടെന്നാണ് സിപിഎം നിലപാട്

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്നെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകും. ഒരുവട്ടം കൂടി കടകംപള്ളി മത്സരിക്കട്ടെയെന്നാണ് സിപിഎം ജില്ലാ കമ്മറ്റിയുടെ തീരുമാനം. ബി.ജെ.പിക്ക് ശക്തമായ വളർച്ചയുള്ള മണ്ഡലമായതിനാൽ ഭാഗ്യപരീക്ഷണം വേണ്ടെന്നാണ് പാർട്ടി നിലപാട്.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 7347 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി ജയിച്ചുകയറിയത്. അന്ന് അദ്ദേഹം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. ബിജെപിക്കു വേണ്ടി കളത്തിലിറങ്ങിയ വി.മുരളീധരൻ 42,000 വോട്ടുകളും നേടി. ബിജെപിയുടെ വളർച്ചയിൽ സിപിഎമ്മിന് ആശങ്കയുണ്ട്. എങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ഇപ്പോഴും ഇടത് മുന്നണിക്ക് തന്നെയാണ് മേൽക്കൈ. തിരുവനന്തപുരം കോർപ്പറേഷനിലെ 22 വാർഡുകളിലായി 12,134 വോട്ടിന്റെ മുൻതൂക്കം എൽ.ഡി.എഫിനുണ്ട്.
ബിജെപി സ്ഥാനാർത്ഥിയായി വി.മുരളീധരൻ വീണ്ടുമെത്തുമെന്നാണ് സൂചന. മത്സരിക്കാനുള്ള താത്പര്യം പലകുറി അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തതാണ്. അങ്ങനെയെങ്കിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ തമ്മിലുള്ള പോരാട്ടമാകും കഴക്കൂട്ടത്തെ കാത്തിരിക്കുന്നത്.