'ട്വിറ്റര്‍, നിന്റെ സമയം അതിക്രമിച്ചു...' ട്വിറ്റര്‍ ഉപേക്ഷിക്കണമെന്ന ഭീഷണിയുമായി കങ്കണ
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ പോസ്റ്റ് ചെയ്ത നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു

ഇന്ത്യക്കാര്‍ ട്വിറ്റര്‍ ഉപേക്ഷിക്കണമെന്ന ഭീഷണിയുമായി നടി കങ്കണ റണാവത്ത്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൂ എന്ന സോഷ്യല്‍ മീഡിയ ആപ്പിലേക്ക് താന്‍ മാറുന്നതായും കങ്കണ ട്വിറ്ററില്‍ കുറിച്ചു. കങ്കണയുടെ ചില ട്വീറ്റുകള്‍ തങ്ങളുടെ പോളിസികള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റര്‍ നീക്കം ചെയ്ത സംഭവത്തെത്തുടര്‍ന്നാണ് കങ്കണയുടെ പ്രതികരണം.
''ട്വിറ്റര്‍, നിന്റെ സമയം അതിക്രമിച്ചു കഴിഞ്ഞു. ഇനി കൂ ആപ്പിലേക്ക് മാറാനുള്ള സമയമാണ്. ഇന്ത്യന്‍ നിര്‍മ്മിത കൂ ആപ്പിലേക്ക് മാറുന്ന ആകാംഷയിലാണ് ഞാന്‍. മറ്റു വിവരങ്ങള്‍ വഴിയേ അറിയിക്കുന്നതാണ്.'' കങ്കണ ട്വിറ്ററില്‍ കുറിച്ചു.
കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ പോസ്റ്റ് ചെയ്ത നിരവധി ട്വീറ്റുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. 'ട്വിറ്റർ നിയമങ്ങൾ ലംഘിക്കുന്ന ട്വീറ്റുകളിൽ ഞങ്ങൾ നടപടി സ്വീകരിക്കുന്നു' എന്നാണ് ട്വിറ്റര്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയത്. കുറച്ചു നാളുകള്‍ക്ക് മുമ്പ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു. മാത്രമല്ല, ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ ചെയ്ത ഒരു ട്വീറ്റിന് താഴെ കങ്കണ ചെയ്ത ഒരു റീട്വീറ്റും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു.
കങ്കണയുടെ ആഹ്വാനത്തിനെതിരെ നിരവധി പേര് രംഗത്തെത്തി. നിങ്ങളുടെ വിട വാങ്ങലില്‍ ഞങ്ങള്‍ സന്തോഷം പ്രകടിപ്പിക്കുന്നു എന്നായിരുന്നു ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പ്രതികരണം. ട്വിറ്റര്‍ പോലെത്തന്നെയുള്ള ഒരു ഇന്ത്യന്‍ നിര്‍മ്മിത മൈക്രോ ബ്ലോഗിങ് ആപ്ലിക്കേഷനാണ് കൂ.