സീറ്റ് വിഭജനത്തില്‍ വിട്ട്വീഴ്ചക്ക് തയ്യാറാണെന്ന് സി.പി.ഐ
പുതിയ കക്ഷികള്‍ക്ക് സീറ്റ് വിട്ടുനല്‍കാന്‍ തയാറാണ്. പക്ഷെ, അതേ ജില്ലയില്‍ത്തന്നെ സീറ്റ് വേണമെന്ന് സി.പി.ഐ അറിയിച്ചു

ഇടത് മുന്നണിയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ നീക്കുപോക്കാകാമെന്ന് സി.പി.ഐ. സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിലപാട് അറിയിച്ചത്. പുതിയ കക്ഷികള്‍ക്ക് സീറ്റ് വിട്ടുനല്‍കാന്‍ തയാറാണ്. പക്ഷെ, അതേ ജില്ലയില്‍ത്തന്നെ സീറ്റ് വേണമെന്ന് സി.പി.ഐ അറിയിച്ചു.
എ.കെ.ജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ മുന്നണിയിലേക്ക് കേരള കോണ്‍ഗ്രസ് എം, എല്‍.ജെ.ഡി എന്നീ കക്ഷികള്‍ കൂടി വന്നതിനാല്‍ വിട്ടുവീഴ്ചവേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. ഇതോടെ കാഞ്ഞിരപ്പള്ളി സീറ്റിന്റെ കാര്യത്തില്‍ ആദ്യം സ്വീകരിച്ച കടുത്ത നിലപാട് സി.പി.ഐ നേതൃത്വം മയപ്പെടുത്തി. കാഞ്ഞിരപ്പള്ളി സീറ്റിന് പകരം പൂഞ്ഞാറോ ചങ്ങനാശേരിയോ ആവശ്യപ്പെടാനാണ് സി.പി.ഐ ആലോചിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എന്നിവർ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.