കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്വിറ്റര്‍; ചട്ടലംഘനം കണ്ടെത്തിയാല്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും വിശദീകരണം
ട്വിറ്റര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ട്വീറ്റ് വിവാദത്തില്‍ ട്വിറ്റര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. അതേസമയം ഐ.ടി സെക്രട്ടറിയുമായി ട്വിറ്റര്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തും.
ചട്ടലംഘനം നടത്തിയ അഞ്ഞൂറോളം അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും ചട്ടലംഘനം കണ്ടെത്തിയാല്‍ ഇനിയും അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നുമാണ് ട്വിറ്ററിന്റെ വിശദീകരണം. 1200 ഓളം അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നല്കിയ നിര്‍ദേശം. എന്നാല്‍ ഇത് പൂര്‍ണമായി അംഗീകരിക്കാന്‍ കഴിയില്ല. നിയമപരമായി കേന്ദ്ര സര്‍ക്കാറിന് ഇത്തരമൊരു നിര്‍ദേശം നല്കാന് കഴിയില്ലെന്നുമാണ് ട്വിറ്ററിന്റെ നിലപാട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരെ വംശഹത്യ ചെയ്യുന്നു എന്നതരത്തില്‍ ഹാഷ് ടാഗുകള്‍ പ്രചരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായി പരിഹാരം കണ്ടെത്തണമെങ്കില്‍ നിയമ മന്ത്രിയുമായി കൂടികാഴ്ച നടത്തണമെന്ന ട്വിറ്ററിന്റെ ആവശ്യമാണ് കേന്ദ്രമന്ത്രി നിരസിച്ചത്.