LiveTV

Live

Kerala

പ്രകൃതിക്ഷോഭങ്ങൾ കൂടുതൽ ബാധിച്ചത് ക്രൈസ്തവരെ; കെസിബിസി ജാഗ്രതാ ന്യൂസിൽ ലേഖനം

"ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാനായി ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത് ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് നിർണ്ണായകമായ നീക്കമാണ്"

പ്രകൃതിക്ഷോഭങ്ങൾ കൂടുതൽ ബാധിച്ചത് ക്രൈസ്തവരെ; കെസിബിസി ജാഗ്രതാ ന്യൂസിൽ ലേഖനം

കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രകൃതിക്ഷോഭങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചത് ക്രൈസ്തവ സമൂഹത്തെയെന്ന് കെസിബിസി ജാഗ്രതാ ന്യൂസിൽ ലേഖനം. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവ ക്രൈസ്തവ സമുദായത്തിന് വലിയ നഷ്ടമുണ്ടാക്കിയെന്നും ഇതിന്റെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ച് സർക്കാറിന് സമർപ്പിക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.

ക്രൈസ്തവ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ ശ്ലാഘനീയമായ ചുവടുവയ്പ്പാണെന്നും പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാർഗം കണ്ടെത്താനുള്ള സുവർണാവസരമാണ് ഇതെന്നും ലേഖനം പറയുന്നു.

കെസിബിസി ജാഗ്രതാ ന്യൂസ് ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂർണരൂപം

2020 നവംബർ മാസം സംസ്ഥാന മന്ത്രിസഭായോഗം ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനായി ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കമാണ്. 2005ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്‌ദോപദേശങ്ങൾക്കായി പാലൊളി മുഹമ്മദ്കുട്ടി കമ്മീഷനെ കേരള സർക്കാർ നിയോഗിക്കുകയും ചെയ്തു. തുടർന്ന്, പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ റിപ്പോർട്ടിന് അനുസൃതമായാണ് മുസ്‌ലിം ക്ഷേമ പദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും നടപ്പാക്കപ്പെടുകയും ഉണ്ടായത്. ഇന്നും അത് തുടരുന്നു.

കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കേരളത്തിലെ ക്രൈസ്തവ സമൂഹം കടുത്ത അവഗണനകളും തകർച്ചയും നേരിടുകയായിരുന്നു. സാമുദായികമായും, സാമൂഹികമായും വിവിധ ക്രൈസ്തവ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും കാര്യക്ഷമമായി ഇടപെടാനും സർക്കാരുകൾ കാര്യമായി ഒന്നുംതന്നെ ചെയ്തിരുന്നില്ല. പ്രത്യേകിച്ച് കഴിഞ്ഞ ചില വർഷങ്ങളായി ന്യൂനപക്ഷ സമൂഹം എന്ന നിലയിൽ അർഹിക്കുന്ന അവകാശങ്ങൾപോലും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉടലെടുക്കുകയും കൂടുതൽ രൂക്ഷമായ പിന്നാക്കാവസ്ഥയിലേയ്ക്ക് ക്രൈസ്തവർ നിപതിക്കുകയും ചെയ്തുവന്നിരുന്നു. അനീതിപൂർണമായ വിവിധ സാഹചര്യങ്ങളെക്കുറിച്ച് ഉയർന്നുവന്ന ചർച്ചകളുടെ വെളിച്ചത്തിൽ പലപ്പോഴായി സർക്കാർ തലങ്ങളിലേക്ക് അപേക്ഷകളും നിവേദനങ്ങളും സമർപ്പിക്കപ്പെടുകയുണ്ടായെങ്കിലും ഫലമുണ്ടായില്ല.

ഇത്തരം ആവശ്യങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഒടുവിൽ കേരള സർക്കാർ ക്രൈസ്തവ പിന്നാക്കാവസ്ഥ പഠിക്കാനായി ജസ്റ്റിസ് ജെ. ബി. കോശി അദ്ധ്യക്ഷനും, ക്രിസ്റ്റി ഫെർണാണ്ടസ് ഐഎഎസ്, ജേക്കബ് പുന്നൂസ് ഐപിഎസ് തുടങ്ങിയവർ അംഗങ്ങളുമായി ഒരു കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ചത്. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിൽ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിച്ച് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കും. കമ്മീഷന്റെ കാലാവധി എത്ര മാസമാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല.

ക്രൈസ്തവ പിന്നാക്കാവസ്ഥ:സമഗ്രമായ പഠനം ആവശ്യം

ഒരുകാലത്ത് സാമൂഹികമായ എല്ലാ തലങ്ങളിലും മുൻപന്തിയിൽ നിന്ന ഒരു സാഹചര്യം വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കുണ്ടായിരുന്നു. ചില വിഭാഗങ്ങൾ അക്കാലത്തും പിന്നിലായിരുന്നെങ്കിലും, സാമുദായികമായി ക്രൈസ്തവ സമൂഹത്തിനുണ്ടായിരുന്ന മേൽക്കോയ്മ സാമൂഹികമായി എല്ലാവർക്കും സഹായകമായിരുന്നു. രാഷ്ട്രീയ, സാംസ്‌കാരിക, കലാ സാഹിത്യ രംഗങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും ക്രൈസ്തവർക്ക് വ്യക്തമായ സ്ഥാനമുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നാൽ പല കാരണങ്ങൾകൊണ്ടും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടെ സാമുദായികമായി ക്രൈസ്തവ സമൂഹം വളരെ പിന്നോക്കമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. പ്രകടമായ ചില തിരിച്ചടികൾ നേരിട്ടുതുടങ്ങിയപ്പോഴാണ് തങ്ങൾ വളരെ പിന്നിലായിക്കഴിഞ്ഞു എന്ന വാസ്തവം പലരും തിരിച്ചറിഞ്ഞതുതന്നെ. തങ്ങൾക്ക് അർഹതപ്പെട്ടത് പോലും പതിവായി മറ്റുചിലർ കൈക്കലാക്കുന്നുവെന്നും, നിയമത്തെയും സർക്കാർ സംവിധാനങ്ങളെയും പോലും അതിന് തക്കവിധത്തിൽ മാറ്റിമറിച്ചിരിക്കുന്നു എന്നുമുള്ള തിരിച്ചറിവ് അനേകരിൽ പ്രതിഷേധ ചിന്ത വളർത്തുകയുണ്ടായി.

ക്രൈസ്തവരിൽ പൊതുവെ അതൃപ്തി വളർത്തിയ ഒന്നായിരുന്നു, 80:20 അനുപാതത്തിലുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ വിതരണം. സച്ചാർ കമ്മിറ്റിയുടെയും, പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെയും നിർദ്ദേശങ്ങൾക്ക് അനുസൃതമായും വിവിധ സർക്കാരുകളുടെ മുസ്‌ലിം പ്രീണന നയങ്ങൾകൊണ്ടും മുസ്‌ളീങ്ങൾക്ക് അധികമായ ആനുകൂല്യങ്ങൾ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ, കടുത്ത പിന്നാക്കാവസ്ഥയിലേക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങളും സാമുദായികമായ അവസ്ഥകളും പരിഗണിക്കപ്പെടുന്നതേയുണ്ടായിരുന്നില്ല. ആനുകൂല്യങ്ങൾ അനുവദിക്കുന്നതിലെയും, പദ്ധതികൾ നടപ്പാക്കപ്പെടുന്നതിലെയും അനീതികൾ പരിഹരിക്കപ്പെടണമെങ്കിൽ ക്രൈസ്തവസമൂഹത്തിന്റെ പിന്നാക്കാവസ്ഥയുടെ യഥാർത്ഥ ചിത്രം വെളിപ്പെടുത്തുന്ന ഒരു പഠനറിപ്പോർട്ട് ഉണ്ടാവേണ്ടതുണ്ട് എന്ന തിരിച്ചറിവ് ഇത്തരമൊരാവശ്യം ഉന്നയിക്കപ്പെടാൻ കാരണമായുണ്ട്. അങ്ങനെയാണ്, പലരിലൂടെ പലപ്പോഴായി ഉന്നയിക്കപ്പെട്ട ആവശ്യങ്ങളെ തുടർന്നുള്ള ഒരു നടപടിയായി സംസ്ഥാന സർക്കാർ ഒരു കമ്മീഷനെ നിയോഗിക്കുന്നത്. ഇതിലൂടെ, ഇന്ന് ക്രൈസ്തവ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധങ്ങളായ പ്രതിസന്ധികൾ വ്യക്തതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കപ്പെടാൻ ഒരു അവസരം ഒരുങ്ങിയിരിക്കുകയാണ്.

വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ പിന്നാക്കാവസ്ഥകൾ വിവിധ തലങ്ങളിലുള്ള പഠനങ്ങളും വിശകലനങ്ങളും ആവശ്യമുള്ളവയാണ്. സാമ്പത്തികമായ പിന്നാക്കാവസ്ഥയാണ് പൊതുവെ ചർച്ച ചെയ്യപ്പെടുന്ന പ്രധാന ആശയം. എന്നാൽ, അതിലുപരിയായ പ്രാധാന്യമർഹിക്കുന്ന സാമൂഹികമായ മറ്റുചില പിന്നാക്കാവസ്ഥകളുമുണ്ട്. അതിനാൽ സാമുദായികമായ ഉന്നമനം ലക്ഷ്യംവച്ചുകൊണ്ടുള്ള സമഗ്രവും വിശാലവുമായ പഠനമാണ് ഇവിടെ ആവശ്യം. ഈ സാഹചര്യത്തിൽ, ന്യൂനപക്ഷമെന്ന നിലയിൽ നമ്മുടെ ഭാവി പുരോഗതി ലക്ഷ്യംവച്ച് എന്തെല്ലാം ഘടകങ്ങൾ ഉൾപ്പെടുത്തണമെന്നുള്ളതുൾപ്പെടെയുള്ള ആശയങ്ങൾ അവരുടെ മുന്നിൽ അവതരിപ്പിക്കേണ്ട ഉത്തരവാദിത്തം വിവിധ ക്രൈസ്തവ സമൂഹങ്ങൾക്കുണ്ട്. വിവിധ ക്രൈസ്തവസഭകൾക്കിടയിൽ ഒരു ഏകോപനം ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതുമുണ്ട്.

ക്രൈസ്തവരുടെ സാമൂഹികമായ സാഹചര്യങ്ങളെക്കുറിച്ച് നിരവധി ആശയക്കുഴപ്പങ്ങൾ ഈ പൊതുസമൂഹത്തിലുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, ആതുരാലയങ്ങളുടെയും, മറ്റ് വിവിധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത കയ്യാളുന്ന, അത്തരം സ്ഥാപനങ്ങളിൽ ജോലിക്കാരായി നിരവധി അംഗങ്ങളുള്ള ഒരു സമുദായം പിന്നാക്കാവസ്ഥയിലാണ് എന്നുള്ള വസ്തുത അംഗീകരിക്കുവാൻ വാസ്തവങ്ങൾ തിരിച്ചറിയുന്നെങ്കിൽ പോലും പലരും തയ്യാറായെന്നുവരില്ല. ഭൂസ്വത്തിന്റെ ഉടമസ്ഥത സംബന്ധിച്ചുള്ള ചില കണക്കുകൾ പ്രകാരം കൂടുതൽ ഭൂമി കൈവശം വച്ചിരിക്കുന്നവരിൽ ചില ക്രൈസ്തവ വിഭാഗങ്ങളുമുണ്ട്. ഇത്തരം ചില ആശയപ്രചരണങ്ങൾ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ എന്ന യാഥാർത്ഥ്യത്തിന് പുകമറ സൃഷ്ടിക്കുന്നു.

വെളിപ്പെടുത്തപ്പെടേണ്ട വാസ്തവങ്ങൾ

1. സ്ഥാപനങ്ങൾ. കത്തോലിക്കാ ക്രൈസ്തവ വിദ്യാഭ്യാസ/ മറ്റ് സ്ഥാപനങ്ങളിൽ ജോലി നേടിയിട്ടുള്ള സ്വസമുദായ അംഗങ്ങളുടെ എണ്ണം ശതമാന കണക്കിലും ആനുപാതികമായും വളരെ കുറവാണ് എന്നുള്ളതാണ് വാസ്തവം. സമുദായാംഗങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുക എന്ന ലക്ഷ്യമല്ല കത്തോലിക്കാ സ്ഥാപനങ്ങൾക്ക് പൊതുവായുള്ളത്. എക്കാലത്തും മതേതര സ്വഭാവം നിലനിർത്താനും, പൊതുസമൂഹത്തിനുവേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്യാനുമാണ് അത്തരം സ്ഥാപനങ്ങൾ നിലകൊണ്ടിട്ടുള്ളത്. കത്തോലിക്കാ സഭയുടെയും മറ്റ് ക്രൈസ്തവ സമൂഹങ്ങളുടെയും മാനേജ്‌മെന്റിൽ നടത്തപ്പെടുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, മറ്റ് സ്ഥാപനങ്ങളിലും സ്ഥിരജോലി നേടിയിരിക്കുന്ന ക്രൈസ്തവരുടെയും, അക്രൈസ്തവരുടെയും സ്ഥിതിവിവര കണക്കുകൾ ശേഖരിച്ചുകൊണ്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തുവാനുള്ള ഉത്തരവാദിത്തം ഈ അവസരത്തിൽ കത്തോലിക്കാസഭയ്ക്കുണ്ട്. ഒപ്പം, ഓരോ കാലഘട്ടത്തിലും എത്ര ശതമാനം പേർ സ്വസമുദായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ജോലി തേടിയിട്ടുണ്ട് എന്നുള്ള വിവരവും യഥാർത്ഥ കണക്കുകളിലൂടെ വെളിപ്പെടുത്തപ്പെടണം.

2. ഭൂസ്വത്ത്. ചില ക്രൈസ്തവ സമൂഹങ്ങളിൽ ഉൾപ്പെടുന്നവർ പ്രത്യേകിച്ച് കത്തോലിക്കർ കൂടുതൽ ഭൂസ്വത്തിന്റെ ഉടമസ്ഥത കയ്യാളുന്നു എന്നുളളത് വാസ്തവമാണ്. കാരണം, മലയോര മേഖലകളിലേക്ക് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ കുടിയേറിയവരും പരമ്പരാഗതമായി കൃഷിയെ ഉപജീവനമാർഗ്ഗമാക്കിയവരും ഏറിയ പങ്കും അവരാണ്. വാണിജ്യ ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഭൂമിയോ വൻകിട കൃഷിത്തോട്ടങ്ങളോ അല്ല, സാധാരണ കൃഷിഭൂമിയാണ് ഇത്തരം ക്രൈസ്തവ കുടുംബങ്ങൾ കൈവശപ്പെടുത്തിയിട്ടുള്ളത്. അത്തരം കൃഷി ഭൂമികളിൽ ഏറിയപങ്കും ഇപ്പോൾ വിപണി മൂല്യം വളരെ കുറവുള്ളതോ, കൃഷി പരാജയം മൂലം വരുമാനലഭ്യത വളരെ പരിമിതമായിട്ടുള്ളതോ, പല കാരണങ്ങളാലും കൃഷി അപ്രായോഗികമായി മാറിക്കഴിഞ്ഞിട്ടുള്ളതോ ആണ്. നഗര പ്രദേശങ്ങളിലെ ഭൂമിയുടെ മൂല്യവും ഗ്രാമപ്രദേശങ്ങളിലെ ഭൂമിവിലയും താരതമ്യം ചെയ്യാൻ കഴിയാത്തതായതിനാൽ ഭൂമിയുടെ വിപണി മൂല്യവും, അതിൽനിന്നുള്ള വരുമാനവും പരിഗണിച്ചുകൊണ്ടുള്ള സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കപ്പെടേണ്ടതുണ്ട്.

3. ഉപജീവന മാർഗ്ഗം. ന്മ കൃഷി, കാർഷികാനുബന്ധ മേഖലകളിലുള്ള മറ്റ് തൊഴിലുകൾ, മൽസ്യബന്ധനം തുടങ്ങിയവ സ്വീകരിച്ചിരിക്കുന്ന കുടുംബങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള വിശദമായ പഠനം വളരെ പ്രധാനപ്പെട്ടതാണ്. കാർഷിക മേഖലയിൽനിന്നുള്ള വരുമാനം, കാർഷിക രംഗത്തെ ആധുനികവൽക്കരണം, കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ സ്ഥിതിവിവരക്കണക്കുകൾ, കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ കാർഷിക മേഖലയിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങൾ, അപചയങ്ങൾ, കൃഷി ഉപേക്ഷിച്ചവരുടെ വിവരങ്ങൾ, പുതിയ തലമുറയിൽ കൃഷി ഉപജീവനമാർഗ്ഗമായി സ്വീകരിക്കുന്നവരുടെ ശതമാനത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ തുടങ്ങി കൃഷിയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ശേഖരിക്കപ്പെടേണ്ടതുണ്ട്. കേരളത്തിന് വെളിയിൽ പാട്ടത്തിന് സ്ഥലമെടുത്തും, കരാർ വ്യവസ്ഥയിലും കൃഷിചെയ്യുന്ന വലിയൊരു വിഭാഗമുണ്ട്. അത്തരം കർഷകരെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകണം. കൃഷി ലാഭകരമായി നടത്താൻ കഴിയുന്നവരുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാർഷികമേഖലയിൽ ക്രിയാത്മക ഇടപെടലുകൾ നടത്താൻ സർക്കാർ സംവിധാനങ്ങളെ പ്രേരിപ്പിക്കും വിധമുള്ള ഒരു റിപ്പോർട്ട് തയ്യാറാക്കുന്നത് യുക്തമായിരിക്കും.

മൽസ്യബന്ധന മേഖലകളിൽ തൊഴിൽചെയ്യുന്ന ക്രൈസ്തവർ നേരിട്ടുകൊണ്ടിരിക്കുന്ന പിന്നാക്കാവസ്ഥയും, അതിജീവന മാർഗ്ഗങ്ങളും വിശദമായി പഠിക്കുകയും കഴിഞ്ഞ തലമുറകൾക്കിടയിലും ഇപ്പോഴും തുടരുന്ന പ്രതിസന്ധികൾ തുടങ്ങിയവ കണക്കുകളുടെ വെളിച്ചത്തിൽ വ്യക്തമാക്കപ്പെടുകയും വേണം. മൽസ്യ ബന്ധനം, അനുബന്ധ തൊഴിൽ മേഖലകൾ തുടങ്ങിയവ ഉപജീവനമാർഗ്ഗമാക്കിയവർ, അവരുടെ സാമ്പത്തിക പ്രശ്‌നങ്ങൾ, കടബാധ്യതകൾ, ജീവിത നിലവാരം, മക്കളെക്കുറിച്ചുള്ള വിവരങ്ങൾ, അവരിൽ ഭവനരഹിതരായുള്ളവർ, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്നവർ തുടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിക്കപ്പെടേണ്ടതുണ്ട്.

നിർമ്മാണ മേഖല, കൂലിപ്പണി, പെയിന്റിംഗ്, വയറിംഗ്, പ്ലംബിംഗ് തുടങ്ങിയ അസംഘടിത തൊഴിൽ മേഖലകൾ ഏതൊക്കെയെന്ന് കണ്ടെത്തി ആ മേഖലകളിൽ തൊഴിൽ ചെയ്ത് ജീവിക്കുന്ന ക്രൈസ്തവരുടെ വിശദാംശങ്ങളും അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളും കണ്ടെത്തുകയും റിപ്പോർട്ട് തയ്യാറാക്കുകയും വേണം.

കഴിഞ്ഞ ചില വർഷങ്ങളായി പ്രകൃതി ക്ഷോഭങ്ങൾക്കൊണ്ട് കൃഷിനാശം വന്നുപോയവരിൽ ഭൂരിപക്ഷവും ക്രൈസ്തവ കുടുംബങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയവ കൊണ്ട് വലിയ നഷ്ടം നേരിടുകയും പിന്നാക്കാവസ്ഥയിലേക്ക് നിപതിക്കുകയും ഭവനം പോലും സുരക്ഷിതമല്ലാതായി മാറുകയും ചെയ്തിരിക്കുന്നവരുണ്ട്. ഇത്തരത്തിൽ നാടുവിടാൻ നിർബ്ബന്ധിതരായിരിക്കുന്നവർ, കൃഷി ഉപേക്ഷിച്ചു മറ്റ് ജീവിതോപാധികൾ തേടിയവർ, ദാരിദ്ര്യത്തിൽ അകപ്പെട്ടവർ തുടങ്ങിയവരെ പഠനത്തിലൂടെ കണ്ടെത്തുകയും, അവരുടെ സ്ഥിതിവിവരക്കണക്കുകൾ അവതരിപ്പിച്ച് വ്യക്തമായ റിപ്പോർട്ട് തയ്യാറാക്കുകയും വേണം. സുനാമി, ഓഖി തുടങ്ങിയ വലിയ ദുരന്തങ്ങൾ സമ്മാനിച്ച തകർച്ചകളിൽ നിന്ന് ഇനിയും കരകയറാൻ കഴിയാത്തവർ, വിഴിഞ്ഞം, ചെല്ലാനം പോലുള്ള പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർ, തുടങ്ങി സവിശേഷമായി സമൂഹത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധ ലഭിക്കേണ്ട വിഭാഗങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കപ്പെടണം.

സർക്കാരിന്റെ സാമ്പത്തികവും, കാർഷികവുമായ നിലപാട് മാറ്റങ്ങൾ, വായ്പാ രീതികളിൽ വന്ന മാറ്റങ്ങൾ (ചെറിയ പലിശയിൽ കാർഷിക വായ്പ്പ നൽകിയിരുന്നത് നിർത്തലാക്കുകയുണ്ടായി), പരിസ്ഥിതി സംവേദക മേഖലകൾ സംബന്ധിച്ച പുതിയ നിയമങ്ങൾ തുടങ്ങിയവ ക്രൈസ്തവരായ കർഷകരെ ദോഷകരമായി ബാധിച്ചിരിക്കുന്നത് എങ്ങനെ എന്നുള്ളത് പഠനങ്ങളിലൂടെ വ്യക്തമാക്കപ്പെടണം. അത്തരത്തിൽ ജീവിതവും വരുമാനമാർഗ്ഗവും പ്രതിസന്ധിയിലായി എല്ലാമുപേക്ഷിച്ചുള്ള നാടുവിടൽ ഭീഷണി നേരിടുന്നത് എത്രമാത്രം ക്രൈസ്തവ കുടുംബങ്ങളാണ് എന്നുള്ളത് സ്ഥിതിവിവരക്കണക്കുകളിലൂടെ വ്യക്തമാക്കപ്പെടണം.

4. ബിസിനസ് രംഗം. വിവിധ ബിസിനസ്, വ്യവസായ, നിർമ്മാണ രംഗങ്ങളിൽ കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ ക്രൈസ്തവർക്ക് സംഭവിച്ചിട്ടുള്ളത് എന്താണെന്ന് മനസിലാക്കാൻ വ്യക്തമായ പഠനം ആവശ്യമാണ്. ഒട്ടേറെ കച്ചവട മേഖലകളിൽനിന്ന് ക്രൈസ്തവർ ഏറെക്കുറെ പൂർണ്ണമായും പിന്തള്ളപ്പെട്ട സാഹചര്യം ഇന്നുണ്ട്. ഹോട്ടൽ മേഖലയും, ബേക്കറി, പച്ചക്കറി, മൽസ്യ മാംസാദികൾ തുടങ്ങിയ ചെറുകിട കച്ചവട മേഖലകളും ഉദാഹരണങ്ങളാണ്. കേരളത്തിൽ മുൻകാലങ്ങളിൽ വിവിധ വ്യവസായ കച്ചവട മേഖലകളിൽ ക്രൈസ്തവ സമൂഹം എത്രമാത്രം സജീവമായിരുന്നു എന്നുള്ളത് അവതരിപ്പിച്ചുകൊണ്ടുതന്നെ, ഇപ്പോൾ എത്രമാത്രം പിന്നാക്കം പോയിരിക്കുന്നു എന്ന് ശതമാന കണക്കുകളിലൂടെ വിശദമാക്കാൻ കഴിയണം. കേരളത്തിൽ ബിസിനസുകൾ അവസാനിപ്പിക്കാൻ നിർബന്ധിതരായവർ, നഷ്ടത്തിൽ തുടരുന്നവർ, ബിസിനസുകൾ പുതുതായി ആരംഭിക്കാൻ കഴിഞ്ഞിട്ടുള്ളവർ തുടങ്ങിയവർക്കിടയിൽ പഠനങ്ങൾ നടത്തി ഈ രംഗത്ത് സംഭവിക്കുന്നതെന്താണെന്ന് ഡാറ്റയുടെയും തെളിവുകളുടെയും വെളിച്ചത്തിൽ കണ്ടെത്തണം.

5. കടബാധ്യത. വിവിധ കാരണങ്ങൾക്കൊണ്ട് സാമ്പത്തികമായ പിന്നാക്കാവസ്ഥ നേരിടുകയും കടബാധ്യതയിൽ അകപ്പെടുകയും ചെയ്തിരിക്കുന്ന ക്രൈസ്തവ കുടുംബങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ വിശദമായി ശേഖരിക്കപ്പെടേണ്ടതുണ്ട്. കാർഷിക ലോൺ, വാഹന, ഭവന വായ്പകൾ, പഠനാവശ്യത്തിനുള്ള ലോണുകൾ, വിദേശ ജോലിക്കായുള്ള ലോണുകൾ തുടങ്ങിയവയുടെ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാൽ ക്രൈസ്തവ കുടുംബങ്ങളിലെ കടബാധ്യതയെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ലഭിക്കും. അടച്ചുവീട്ടാൻ കഴിയാതെ വലിയ ബാധ്യതയായി തുടരുന്ന പഴയ ലോണുകളെക്കുറിച്ചും അടച്ചുവീട്ടാൻ കഴിയാത്ത സാഹചര്യങ്ങളെക്കുറിച്ചും പഠനങ്ങൾ പ്രത്യേകമായി നടത്തേണ്ടതുണ്ട്. ബാങ്ക് ലോണുകൾക്ക് പുറമെ, വലിയ പലിശ നൽകിയുള്ള സ്വകാര്യ വായ്പ്പകളെക്കുറിച്ചുള്ള വിവരങ്ങളും വ്യക്തമായി ശേഖരിക്കപ്പെടേണ്ടതുണ്ട്.

6. ഉദ്യോഗരംഗം. വിദ്യാഭ്യാസം, ജോലി തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് പ്രധാനപ്പെട്ട മറ്റൊന്ന്. അഭ്യസ്തവിദ്യരിൽ തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ രൂക്ഷമായിരിക്കുന്നത് ക്രൈസ്തവ സമൂഹത്തിലാണ് എന്ന് സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അടുത്തിടെ ചർച്ച ചെയ്യപ്പെടുകയുണ്ടായിരുന്നു. പഠനത്തിനും കഴിവിനും ആനുപാതികമായ ജോലികൾ ലഭിക്കാത്തവർ, കഴിവുകൾക്ക് യോജ്യമായ വിദ്യാഭ്യാസം നേടാൻ സാമ്പത്തികമായി കഴിയാത്തവർ തുടങ്ങിയവരെ ശരിയായ കണക്കുകളുടെ വെളിച്ചത്തിൽ കണ്ടെത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ചെറിയ ശമ്പളത്തിൽ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്നവർ, കേരളത്തിന് പുറത്ത് മറ്റുള്ള പട്ടണങ്ങളിൽ ജോലിസംബന്ധമായ പ്രതിസന്ധികൾ നേരിടുന്നവർ, കേരളത്തിൽത്തന്നെ തൊഴിൽരഹിതരായി കഴിയുന്നവർ തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുകയും, തൊഴിൽ മേഖലയിൽ ഇന്ന് ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികളുടെ വ്യക്തമായ ചിത്രം അവതരിപ്പിക്കുകയും വേണം. ഉയർന്ന കോഴ്‌സുകളിൽ അഡ്മിഷൻ ലഭിക്കുന്നവരുടെയും, മികച്ച തസ്തികകളിൽ നിയമിതരാകുന്നവരുടെയും എണ്ണം കുറയുന്നതും എൻട്രൻസ് പരീക്ഷകളിൽ പിന്നാക്കം പോകുന്നതും പ്രത്യേകം പഠനവിഷയമാക്കേണ്ടതുണ്ട്. സിവിൽ സർവീസ് പോലുള്ള ഉന്നത ഉദ്യോഗ മേഖലകൾ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ പ്രത്യേകമായി ശേഖരിക്കേണ്ടതുണ്ട്.

7. പ്രത്യേക പിന്നാക്ക വിഭാഗങ്ങൾ. കേരളത്തിൽ ഏറ്റവും രൂക്ഷമായ പിന്നാക്കാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന ദളിത് ക്രൈസ്തവർ, നാടാർ, ആംഗ്ലോ ഇന്ത്യൻ, മറ്റ് പിന്നാക്ക സമുദായക്കാർ തുടങ്ങിയവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ സൂക്ഷമമായി പഠനവിധേയമാക്കേണ്ട ഒന്നാണ്. സാമ്പത്തികമായും സാമുദായികമായും വളരെ പിന്നിലായിരിക്കുന്ന അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഇതുവരെയുള്ള പ്രവർത്തനങ്ങൾ എത്രമാത്രം ഗുണം ചെയ്തു എന്നും, ഇനിയുള്ള കാലത്ത് അത്തരക്കാർക്കുവേണ്ടി പ്രത്യേകമായി എന്താണ് സർക്കാരും സമൂഹവും ചെയ്യേണ്ടതെന്നും സ്ഥിതിവിവരക്കണക്കുകളുടെ വെളിച്ചത്തിൽ റിപ്പോർട്ടായി അവതരിപ്പിക്കണം.

8. ആരോഗ്യം. ്രൈകസ്തവ സമൂഹത്തിനിടയിൽ വർദ്ധിച്ചുവരുന്ന രോഗാവസ്ഥകൾ, മനസികാരോഗ്യസംബന്ധമായ അപര്യാപ്തതകൾ, അഡിക്ഷനുകൾ തുടങ്ങിയവ പഠനവിഷയമാകേണ്ടതുണ്ട്. മക്കൾ ജോലിസംബന്ധമായി പുറംനാടുകളിലായതിനാൽ നാട്ടിൽ ഒറ്റപ്പെടുന്ന മാതാപിതാക്കൾ വർദ്ധിച്ചുവരുന്നു. അതിന്റെ കണക്കുകൾ വ്യക്തമായി ലഭിക്കേണ്ടത് ആവശ്യമാണ്. സാമ്പത്തികമായ അരക്ഷിതത്വം, തൊഴിലില്ലായ്മ തുടങ്ങിയവ യുവതലമുറയെ അനാരോഗ്യകരമായ പ്രവണതകളിലേയ്ക്കും ദുശീലങ്ങളിലേയ്ക്കും നയിക്കുന്നുണ്ട്. ആത്മഹത്യകൾ വർദ്ധിക്കുന്നു. രോഗ ചികിത്സകളുമായി ബന്ധപ്പെട്ട് വർദ്ധിക്കുന്ന സാമ്പത്തിക, കട ബാധ്യതകൾ ഒട്ടേറെ കുടുംബങ്ങളെ പ്രതിസന്ധികളിലേയ്ക്ക് നയിക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ വിവാഹം വൈകുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതും മാനസിക, കുടുംബ പ്രശ്‌നങ്ങൾക്ക് കാരണമായി മാറുന്നുണ്ട്. ഇത്തരം വ്യക്തിപരമായ വിഷയങ്ങൾ സൂക്ഷ്മമായി പഠന വിഷയമാക്കുകയും കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുകയും വേണം. ക്രൈസ്തവർക്കിടയിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ജനസംഖ്യ പ്രത്യേകമായി പഠനവിഷയമാക്കേണ്ടതുണ്ട്.

9. ഭവന രഹിതർ. ഭവനരഹിതരായ ക്രൈസ്തവരെക്കുറിച്ചുള്ള വിവരങ്ങൾ വ്യക്തതയോടെ ശേഖരിക്കപ്പെടേണ്ടതുണ്ട്. അപര്യാപ്തവും സുരക്ഷിതമല്ലാത്തതുമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ, ചേരിപ്രദേശങ്ങൾ പോലെ അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ജീവിക്കുന്നവർ, വീടുവയ്ക്കാൻ സ്ഥലം പോലുമില്ലാത്തവർ തുടങ്ങിയ വിവിധ വശങ്ങൾ പഠനവിധേയമാക്കണം.

10. വിധവകൾ. വിധവകളായവരെക്കുറിച്ച് പ്രത്യേകമായ പഠനം ആവശ്യമാണ്. അവരുടെ ജീവിത സാഹചര്യങ്ങൾ, ഉപജീവന മാർഗ്ഗങ്ങൾ, മക്കളുടെ വിവരങ്ങൾ, സുരക്ഷിതത്വം തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കപ്പെടണം.

11. കുടിയേറ്റം. വിദേശരാജ്യങ്ങളിലേക്ക് നടക്കുന്ന കുടിയേറ്റത്തിന്റെ പൂർണ്ണമായ ചിത്രം ലഭ്യമാകണം. കഴിഞ്ഞ ചില പതിറ്റാണ്ടുകൾ മുതലിങ്ങോട്ട് നടന്ന കുടിയേറ്റത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കപ്പെടുകയും, തൊഴിൽ പഠന വിവരങ്ങൾ ഉൾപ്പെടുന്ന രീതിയിൽ റിപ്പോർട്ട് തയ്യാറാക്കുകയും വേണം. തലമുറകൾ നാടുവിട്ടുപോകുന്നതിനാൽ സാമുദായികവും സാമൂഹികവുമായ സംഭവിക്കുന്ന കുറവുകൾ പ്രത്യേക പഠനവിഷയമാകേണ്ടതുണ്ട്.

സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസ തൊഴിൽ സംബന്ധമായും എപ്രകാരമാണ് ക്രൈസ്തവർ പിന്നാക്കം പോയിരിക്കുന്നത് എന്ന് മേൽപ്പറഞ്ഞ വിവിധ മാനദണ്ഡങ്ങളുടെ വെളിച്ചത്തിൽ വിശകലന വിധേയമാക്കുകയും, ആവശ്യമായ ക്ഷേമ പദ്ധതികൾ ആവശ്യപ്പെടുകയും വേണം. സാമ്പത്തികമായി പിന്നാക്കം പോകുന്ന കുടുംബങ്ങളുടെ എണ്ണം നമുക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന വാസ്തവത്തെ നാം അംഗീകരിക്കുകയും, ശരിയായ പരിഹാരം കണ്ടെത്തി അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കുകയും വേണം. പലപ്പോഴും ദുരഭിമാനം കൊണ്ടും മിഥ്യാബോധങ്ങൾ കൊണ്ടും വാസ്തവങ്ങളെ അംഗീകരിക്കാൻ നാം മടികാണിക്കുന്നു. ശരിയായ രീതിയിൽ വിഷയങ്ങളെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതിലൂടെയേ ഈ വലിയ ലക്ഷ്യം നേടിയെടുക്കാൻ കഴിയുകയുള്ളൂ. ഇക്കാലങ്ങളിൽ നമുക്കിടയിൽ സ്ഥിതിവിവരക്കണക്കുകൾ എന്നപേരിൽ പ്രചരിക്കുന്നത് പലതും വ്യാജമാണ്. ഒട്ടേറെ തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത് അനേകരെ തെറ്റിദ്ധാരണകളിൽ അകപ്പെടുത്തിയിരിക്കുന്നു. അതിനാൽത്തന്നെ, ശരിയായ വിവരങ്ങൾ കണ്ടെത്തി സമൂഹത്തിന് നൽകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.

പഠനം എങ്ങനെ?

ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർണ്ണതയോടെ കൈവരിക്കാൻ എപ്രകാരമാണ് ക്രൈസ്തവ സമൂഹത്തിന് പൊതുവെയും കത്തോലിക്കാസഭയ്ക്കും അവരോട് സഹകരിക്കാൻ കഴിയുക എന്നുള്ളത് വ്യക്തമായി മനസിലാക്കിക്കൊണ്ടുള്ള സമീപനമാണ് ആവശ്യം. കത്തോലിക്കാ സഭാനേതൃത്വത്തിനും കത്തോലിക്കാ സംഘടനകൾക്കും ഇക്കാര്യത്തിൽ വളരെക്കൂടുതൽ സാധ്യതകളുണ്ട്. പഠനങ്ങൾ നടത്താനും, മുന്നിട്ടിറങ്ങാനും സജ്ജരായ വളരെയേറെപ്പേരെ ഏറ്റവും എളുപ്പത്തിൽ കണ്ടെത്താനും ഏകോപിപ്പിക്കാനും കഴിയുക കത്തോലിക്കാ സഭാസംവിധാനങ്ങൾക്കാണ്. ഇക്കാര്യത്തിൽ മറ്റ് ക്രൈസ്തവ സമൂഹങ്ങളുമായി സഹകരിച്ച് പഠനങ്ങളും, വിവരശേഖരണങ്ങളും നടത്തുവാൻ കഴിയുന്നവിധത്തിൽ സംവിധാനങ്ങൾ ഒരുക്കാനുള്ള ഉത്തരവാദിത്തം കത്തോലിക്കാ സഭയ്ക്ക് ഏറ്റെടുക്കാവുന്നതാണ്. വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ പഠനറിപ്പോർട്ടുകളും വിശദാംശങ്ങളും തുറവിയോടെ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഏറ്റവും ശാസ്ത്രീയമായും സൂക്ഷ്മമായും വിവരശേഖരണവും പഠനങ്ങളും നടത്തുന്നതിന് സഹായിക്കാൻ കഴിയുന്ന വ്യത്യസ്ത ക്രൈസ്തവ സമൂഹങ്ങളുടെ ഉടമസ്ഥതയിലുള്ള ഗവേഷണ സ്ഥാപനങ്ങളെയും പരിചയസമ്പന്നരായ വ്യക്തികളെയും ഒരുമിച്ചുകൂട്ടി കഴിവതും സമഗ്രമായ പഠനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുവാനാണ് ശ്രമമുണ്ടാകേണ്ടത്.

ജില്ലകൾ കേന്ദ്രീകരിച്ചുള്ള സിറ്റിങ്ങുകളിലൂടെയാണ് സാധാരണയായി ഇത്തരം കമ്മീഷനുകൾ വിവരശേഖരണവും സംവാദങ്ങളും നടത്താറുള്ളത്. അത്തരം വേളകളിൽ ശാസ്ത്രീയമായി സമാഹരിച്ച റിപ്പോർട്ടുകളുടെയും ഡാറ്റയുടെയും വെളിച്ചത്തിൽ അവർക്ക് മുന്നിൽ ക്രൈസ്തവ പിന്നാക്കാവസ്ഥ സംബന്ധിച്ച യാഥാർഥ്യങ്ങൾ അവതരിപ്പിക്കാൻ കഴിയണം. ഇക്കാര്യത്തിൽ വിവിധ സംഘടനകളുടെയും, സന്യാസ സമൂഹങ്ങളുടെയും, രൂപതകളുടെയും നേതൃത്വത്തിലുള്ള ടീമുകൾ സജ്ജരാകണം. ഇത്തരമൊരു ലക്ഷ്യത്തിനുവേണ്ടി ഒറ്റക്കെട്ടായി മുന്നോട്ടുവരുവാനും സഹകരിക്കുവാനും ക്രൈസ്തവ സമൂഹത്തെ ഉത്‌ബോധിപ്പിക്കുവാനുള്ള ഉത്തരവാദിത്തവും നേതൃത്വങ്ങൾക്കുണ്ട്.

ഉപസംഹാരം

കേരളസമൂഹത്തിൽ യഥാർത്ഥ ന്യൂനപക്ഷമെങ്കിലും സ്വയംപര്യാപ്തർ എന്ന് കരുതപ്പെട്ടിരുന്ന ഒരു വലിയ സമൂഹത്തിന് കാലഗതികൾക്കിടയിൽ സംഭവിച്ച തളർച്ചകൾ തിരിച്ചറിയാനും കാലാനുസൃതമായ പരിഹാരമാർഗ്ഗങ്ങൾ ശാസ്ത്രീയമായ പഠനങ്ങളിലൂടെ കണ്ടെത്താനും ലഭിച്ച ഒരു സുവർണാവസരമാണ് ഇത്. ഇത്തരമൊരു നടപടിക്ക് സംസ്ഥാനസർക്കാർ ഒരുങ്ങിയിരിക്കുന്നത് ഏറെ പ്രതീക്ഷനൽകുന്നു. സംസ്ഥാന ന്യൂനപക്ഷകമ്മീഷൻ മുമ്പ് നടത്തിയിട്ടും ഫലം കാണാതെപോയ ക്രൈസ്തവ ന്യൂനപക്ഷ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനംകൂടുതൽ സമഗ്രമായി പൂർത്തീകരിക്കുവാനും ശരിയായ ഇടപെടലുകളിലേക്ക് സർക്കാരിനെ നയിക്കുവാനും ജസ്റ്റിസ് ജെബി കോശി കമ്മീഷന് കഴിയുമെന്ന് പ്രത്യാശിക്കാം. ക്രൈസ്തവ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ പഠനം വലിയ അധ്വാനവും കൂടുതൽ സമയവും ആവശ്യമായ ഒന്നാണ്. ഇത്തരമൊരു പഠനംകൊണ്ട് മുന്നിൽ കാണുന്ന ആദ്യലക്ഷ്യം ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷന് മുന്നിൽ വിശദാംശങ്ങൾ സമർപ്പിക്കുക എന്നത് ആണെങ്കിലും ഭാവിയിലേക്ക് നിർബ്ബന്ധമായും നമ്മുടെ പക്കലുണ്ടായിരിക്കേണ്ട രേഖകൾ, വിവരങ്ങൾ തുടങ്ങിയവ സമാഹരിക്കാനുള്ള ദീർഘകാല പദ്ധതിയായി ഈ ഗവേഷണ പരിപാടിയെ പരിഗണിച്ച് കൂടിയ ഗൗരവം നൽകുന്നത് നന്നായിരിക്കും. ഇപ്പോഴുള്ള പഠനം സമയപരിമിതിയ്ക്ക് ആനുപാതികമായി ചില മേഖലകളിലെങ്കിലും സാമ്പിൾ സ്റ്റഡി രീതി അവലംബിച്ചാൽ പോലും, വിശദമായ തുടർപഠനങ്ങൾ ആവശ്യമാണെന്ന നിലപാട് സ്വീകരിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.