'വഴിപാടെന്നാണ് പറഞ്ഞത്, എന്റെ നിഷ്കളങ്കത കൊണ്ട് 1000 കൊടുത്തു; വിവാദ സംഭവം വിവരിച്ച് എല്‍ദോസ് കുന്നപ്പിള്ളി
രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്.എസ്.എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് വിവാദത്തിലായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപിള്ളി കൂടുതല്‍ വിശദീകരണവുമായി രംഗത്ത്.

രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആര്.എസ്.എസിന്റെ ധനസമാഹരണ ക്യാമ്പയിനില്‍ പങ്കെടുത്ത് വിവാദത്തിലായ പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപള്ളി കൂടുതല്‍ വിശദീകരണവുമായി രംഗത്ത്. എന്റെ മണ്ഡലത്തിലുള്ള ഇരിങ്ങോള്കാവിന്റെ സമീപത്ത് നിന്ന് കുറച്ചാളുകള്‍ എന്നെ കാണാന്‍ വന്നിരുന്നു, ഇവര്‍ ആര്.എസ്.എസുകാരാണെന്നോ അവരുടെ ദൗത്യം കബളിപ്പിക്കലാണെന്നോ അറിയില്ലായിരുന്നുവെന്നും കുന്നപ്പിള്ളി പറഞ്ഞു. ഫേസ്ബുക്ക്ലൈവിലൂടെയായിരുന്നു എം.എല്‍.എ സംഭവം വിശദീകരിച്ചത്.
ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ട് വഴിപാട് നല്‍കണം എന്നാണ് അവര്‍ ആവശ്യപ്പെട്ടത്, തിരക്കിനിടയില്‍ എന്റെ നിഷ്കളങ്കത കൊണ്ട് ഇവരുടെ അജണ്ട വ്യക്തമാവാതെ 1000 രൂപ കൊടുത്തെന്നും എം.എല്‍.എ പറഞ്ഞു. എല്ലാ സമുദായക്കാര്‍ വരുമ്പോഴും ഞാന്‍ സംഭാവന കൊടുക്കാറുണ്ട്, തെറ്റിദ്ധരിപ്പിച്ചുള്ള ആര്.എസ്.എസിന്റെ ഈ പ്രവൃത്തി ശരിയായില്ല, വന്നവര്‍ ഒരു ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് ഒരു ക്ഷേത്രത്തിന്റെ ഫോട്ടോ എനിക്ക് നല്കി, ഞാനത് ആഴത്തില്‍ നോക്കുകയോ ചിന്തിക്കുകയോ ചെയ്തില്ല, അതു കഴിഞ്ഞു ഇവിടെ നിന്നിറങ്ങിയവര്‍ എനിക്കെതിരെ പ്രചാരണം ആരംഭിച്ചു, അതുമൂലം ഒരു സമുദായത്തിനുണ്ടായ വേദനയില്‍ വ്യക്തിപരമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസുകാര്‍ക്ക് എല്‍ദോസ് കുന്നപ്പിള്ളി പണം നല്‍കുകയും ജില്ലാ പ്രചാരകന് അജേഷ് കുമാറില്‍ നിന്ന് ക്ഷേത്രത്തിന്റെ രൂപരേഖ ഏറ്റുവാങ്ങുകയും ചെയ്തതിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് എം.എല്‍.എ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് സംഭവം വിശദീകരിച്ച് എം.എല്‍.എ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്.