കാലടിയിൽ വീണ്ടും നിയമന വിവാദം: ഇടത് സഹയാത്രികക്ക് നിയമനം നല്‍കണമെന്ന സി.പി.എമ്മിന്റെ ശിപാര്‍ശ കത്ത് പുറത്ത്
സി.പി.എം പരവൂർ ഏരിയ സെക്രട്ടറി നല്കിയ ശിപാർശ കത്താണ് പുറത്തായത്
കാലടി സർവകലാശാലയിൽ ഇടത് സഹയാത്രികക്ക് നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സി.പി.എം പരവൂർ ഏരിയ സെക്രട്ടറി നല്കിയ ശിപാർശ കത്ത് പുറത്ത്. മലയാളം അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ധീവര സംവരണത്തില്‍ നിയമനം ലഭിച്ച സംഗീതക്കാണ് ഏരിയ സെക്രട്ടറി ശിപാർശക്കത്ത് നല്‍കിയത്. ഇതിനിടെ വിസിക്ക് നൽകിയ രേഖകൾ പുറത്തുവന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് കത്ത് നല്കി.
എം.ബി രാജേഷിന്റെ ഭാര്യ നിനിതക്കൊപ്പം കാലടി സർവകലാശാലയിലെ മലയാളം വിഭാഗത്തില്‍ നിയമിതയായ സംഗീത തിരുവളിന് സി.പി.എം പറവൂർ ഏരിയ സെക്രട്ടറി 2019 സെപ്റ്റംബർ 22 ന് നല്കിയ ശിപാർശ കത്താണ് പുറത്തുവന്നത്. ഏരിയ കമ്മിറ്റിയുടെ സീൽ പതിപ്പിച്ച ലെറ്റർ പാഡിലാണ് ശുപാർശ കത്ത്.
'കാലടി സംസ്കൃത സർവ്വകലാശാലയിലെ മലയാളം അസി. പ്രൊഫസർ തസ്തികയിൽ ധീവര കമ്മ്യൂണിറ്റി റിസർവേഷനിൽ ഡോ. സംഗീത തിരുവളിനെ ഇന്റർവ്യൂവിന് വിളിപ്പിച്ചിട്ടുണ്ട്. കഴിയാവുന്ന സഹായം ചെയ്ത് കൊടുക്കണം' -ഇങ്ങനെയാണ് കത്തിലെ ഉള്ളടക്കം. എന്നാല്‍ സംഗീതയുടെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്ന് വകുപ്പ് മേധാവി ഡോ. ലിസി പ്രതികരിച്ചു.
കാലടി വിസിക്ക് വിഷയവിദഗ്ദർ നല്കിയ കത്ത് അന്നു രാത്രി തന്നെ നിനിതക്ക് ലഭിച്ചത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് യൂനിവേഴ്സിറ്റി കാമ്പയിന് കമ്മറ്റി ഗവർണർക്ക് കത്ത് നല്‍കിയത്. വിഷയവിദഗ്ദന് സ്വഭാവ സർട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗാർഥിയും അഭിമുഖത്തില്‍ പങ്കെടുത്തു എന്ന് എം.ബി രാജേഷ് പറഞ്ഞിരുന്നു. യൂനിവേഴ്സിറ്റിക്ക് മാത്രമറിയാവുന്ന ഈ വിവരം രാഷ്ട്രീയ നേതാവും മറ്റൊരു ഉദ്യോഗാർഥിയുടെ ഭർത്താവുമായ എം.ബി രാജേഷിന് ലഭിച്ചതെങ്ങനെയെന്നത് പരിശോധിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.