''റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും നിയമനമില്ല"; സെക്രട്ടറിയേറ്റിന് മുമ്പിൽ രണ്ട് ഉദ്യോഗാർഥികൾ ആത്മഹത്യക്ക് ശ്രമിച്ചു
''കേരളത്തിൽ എവിടെയെങ്കിലും ഉദ്യോഗാർഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സർക്കാർ''..
പി.എസ്.സി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന ആവശ്യമുന്നയിച്ച് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്നാരോപിച്ച് രണ്ട് ഉദ്യോഗാർഥികൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ഇടപെട്ട് മണ്ണെണ്ണ ക്യാൻ പിടിച്ചുമാറ്റുകയായിരുന്നു.
കേരളത്തിൽ എവിടെയെങ്കിലും ഉദ്യോഗാർഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി കേരള സർക്കാർ ആയിരിക്കുമെന്നും ആത്മഹത്യാ ശ്രമം നടത്തിയ ഉദ്യോഗാർഥി പറഞ്ഞു. ഇത് സർക്കാരിനുള്ള സൂചനയാണെന്നും, ഇതിൽ നിന്ന് പാഠം ഉൾകൊള്ളാൻ സർക്കാർ തയ്യാറായില്ലെങ്കിൽ സമര രീതിയുടെ ഗതി മാറും എന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
സംഭവസ്ഥലത്ത് എത്തിയ പോലീസും, ഫയർ ഫോഴ്സും പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികളെ ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമത്തിലാണ്. അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്ന പരാതി വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ്, റാങ്ക് ലിസ്റ്റ് കാലാവധി എല്ലാവർക്കും ബാധകമാകുന്ന രീതിയിൽ നീട്ടിയില്ലെന്നും, ലിസ്റ്റിൽ ഇടം നേടിയിട്ടും ജോലി ലഭിക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗാർഥികൾ ഇത്തരമൊരു പ്രധിഷേധത്തിലേക്ക് എത്തിയിരിക്കുന്നത് .