LiveTV

Live

Kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സി.പി.എം

നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പാർട്ടിയിൽ നിന്നകന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വി; പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സി.പി.എം

തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റ പന്തളത്ത് പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി സി.പി.എം. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പാർട്ടിയിൽ നിന്നകന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്.

ഇതിന് മുന്നോടിയായി പൂർവകാല എസ്.എഫ്‌.ഐ നേതാക്കളുടെ സംഗമം പാർട്ടി വിളിച്ചു ചേർത്തു. ഇടത് പക്ഷത്തിനു ശക്തമായ വേരോട്ടമുണ്ടായിരുന്ന പന്തളത്ത് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അട്ടിമറിയിലൂടെ ഭരണം പിടിച്ചിരുന്നു.സി.പി.എമ്മിൽ നിന്നും ബി.ജെ.പിക്ക് അനുകൂലമായി വോട്ടുകളുടെ കുത്തൊഴുക്ക് ഉണ്ടായത് മനസിലാക്കിയാണ് മേഖലയിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ പാർട്ടി തീരുമാനിക്കുന്നത്. ഇതിന്‍റെ ആദ്യപടിയായാണ് പന്തളത്തെ ആദ്യ കാല എസ്.എഫ്.ഐ പ്രവർത്തകരുടെ യോഗം വിളിച്ചത്.സിപിഎം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി യോഗം ഉദ്ഘാടനം ചെയ്തു.

പന്തളം എൻ.എസ്.എസ് കോളജിൽ 1970 മുതൽ പഠനം നടത്തിയ നൂറ്റിയമ്പതിലേറെ എസ്.എഫ്.ഐ നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. നിയമ സഭാ തെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ അവസരം പ്രയോജനപ്പെടുത്തി ശക്തമായ തിരിച്ചുവ് നടത്താനാണ് സി.പി.എം ശ്രമം നടത്തുന്നത്. ഈ സാഹചര്യത്തിൽ പാർട്ടിയുമായി അകന്ന് നിൽക്കുന്നവരെ അടുപ്പിക്കാനും താഴേതട്ടുമുതൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുമാണ് ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ ഇപ്പോൾ ശ്രമങ്ങൾ നടക്കുന്നത് . ഇതിലൂടെ ബി.ജെ.പി നേടിയ മുന്നേറ്റം മറികടക്കുകയാണ് ലക്ഷ്യം. പ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ മാസം 11 ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പന്തളത്ത് പൊതു സമ്മേളനത്തിൽ പങ്കെടുക്കും.