യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗേജ് കസ്റ്റംസ് പരിശോധിച്ചു
തിരുവനന്തപുരം എയർ കാർഗോ കോംപ്ലക്സിലായിരുന്നു പരിശോധന.

മുന്‍ യുഎഇ കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയുടെ ബാഗേജ് പരിശോധിച്ച് കസ്റ്റംസ്. അല്‍സാബിയുടെ സാധനങ്ങള്‍ മടക്കി അയക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു പരിശോധന. സ്വര്‍ണക്കടത്ത് കേസില്‍ അല്‍സാബി സംശയ നിഴലിലായതിനാലാണ് കസ്റ്റംസ് നടപടി.
ലോക്ഡൌണ് കാലയളവില്‍ ജമാല്‍ ഹുസൈന് അല്‍സാബി കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് മടങ്ങിയിരുന്നു. സ്വര്‍ണക്കടത്തിലെ പ്രതികളുമായി ഇടപാടെന്ന സംശയം ഉയര്‍ന്നതിന് പിന്നാലെ കോണ്‍സുലേറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് അല്‍സാബിയെ മാറ്റുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് അല്‍സാബി കൈവശമുള്ള സാധനങ്ങള്‍ യുഎഇയിലേക്ക് എത്തിക്കാന്‍ നീക്കം തുടങ്ങിയത്. നീക്കം മുന്നില്‍ കണ്ട് ബാഗേജ് എത്തിയാല്‍ പരിശോധിക്കാനുള്ള അനുമതി കേന്ദ്രത്തില്‍ നിന്ന് കസ്റ്റംസ് വാങ്ങിയിരുന്നു.
ഇന്ന് വിദേശത്തേക്ക് കൊണ്ടുപോകാനായി തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ ബാഗേജ് എത്തിച്ചപ്പോള്‍ പരിശോധിക്കണമെന്ന് കസ്റ്റംസ് നിലപാടെടുത്തു. ആദ്യം ആശയക്കുഴപ്പമുണ്ടായെങ്കിലും കേന്ദ്ര അനുമതിയുള്ളതിനാല്‍ ബാഗേജ് പരിശോധിച്ചു. മൊബൈല്‍ ഫോണുകളടക്കം ബാഗേജിലുണ്ടായിരുന്നു. ഇത് വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ് ആലോചിക്കുന്നുണ്ട്. സംശയകരമായി മറ്റൊന്നും കണ്ടെത്തിയിട്ടില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി.