'ജാതീയത, സ്ത്രീവിരുദ്ധത, അശ്ലീല പ്രചരണം'; ഇന്‍സ്റ്റാഗ്രാം ഫെയിം ഡോ. ക്രോംമെന്റലിനെതിരെ യുവതിയുടെ വീഡിയോ
എട്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഡോക്ടര്‍ ക്രോംമെന്റല്‍ 500 എന്ന അക്കൌണ്ടിന് നേരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്

ഇന്‍സ്റ്റാഗ്രാമില്‍ ലോക്ക് ഡൗണ്‍ കാലത്ത് ഏറെ ഹിറ്റായി മാറിയ അക്കൗണ്ടാണ് ഡോക്ടര്‍ ക്രോംമെന്റല്‍ 500. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഡോക്ടര്‍ ക്രോംമെന്റലിന്റെ സ്റ്റാറ്റസുകളുടെ പ്രചാരം വളരെ വലുതായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള വൈറല്‍ വീഡിയോകളും വാര്‍ത്തകളും ട്രോളുകളും സ്റ്റാറ്റസിലൂടെ കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിനാല് തന്നെ വലിയ ആരാധക വൃന്ദവും ഈ പ്രൊഫൈലിനുണ്ട്. എട്ട് ലക്ഷത്തിന് മുകളില്‍ പേര് ഫോളോ ചെയ്യുന്ന ഡോക്ടര്‍ ക്രോംമെന്റല്‍ 500 എന്ന അക്കൗണ്ടിന് നേരെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്.
ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസുകളിലെ ജാതീയവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കത്തിന് പുറമേ ഇയാളുടേതായി നിലവിലുള്ള ടെലിഗ്രാം ഗ്രൂപ്പ് വഴി ശിശു പീഡനങ്ങളെ തമാശ രൂപത്തിലും അശ്ലീലത കലര്‍ന്ന തരത്തിലും പ്രചരിപ്പിക്കുന്നതായി ശ്രീയ നമ്പനത്ത് എന്ന യുവതി വീഡിയോയിലൂടെ പറയുന്നു. അനോണിമസ് മല്ലൂസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയും ഇതേ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിലൂടെയുമാണ് അശ്ലീല വീഡിയോകളും കുട്ടികളുടെ പീഡനാനുഭവങ്ങളും തമാശ രൂപത്തില്‍ അവതരിപ്പിക്കുന്നത്. 'അനോണിമസ് മല്ലൂസ്' എന്ന പേജിനെ ഒരു ലക്ഷത്തി പതിനായിരം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഇതേ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പില്‍ 24000ത്തിന് മുകളില്‍ പേരാണ് അംഗങ്ങളായുള്ളത്. നാല് ശിശു പീഡനം വിവരിക്കുന്ന ഓഡിയോ സന്ദേശങ്ങള്‍ താന്‍ കേട്ടതായി ശ്രീയ വീഡിയോയില്‍ പറയുന്നു. ഈ ഓഡിയോ സന്ദേശങ്ങളെല്ലാം തന്നെ അശ്ലീല പേര് നല്‍കിയാണ് പ്രചരിപ്പിക്കുന്നതെന്നും ഇവര്‍ ആരോപിക്കുന്നു. സ്ത്രീകള്‍ക്കെതിരെയും കോളനികളില്‍ താമസിക്കുന്ന ദലിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയും വളരെ മോശപ്പെട്ട രീതിയിലാണ് ഫോട്ടോകളും വീഡിയോകളും ഡോക്ടര്‍ ക്രോംമെന്റല്‍ പ്രചരിപ്പിക്കുന്നതെന്നും യുവതി പറഞ്ഞു. മൃഗങ്ങള്‍ക്കെതിരായ ക്രൂരതയെ ഇയാള്‍ പ്രോല്‍സാഹിപ്പിക്കുന്നതായി ഇയാള്‍ പങ്കുവെച്ച സ്റ്റാറ്റസ് വീഡിയോ ചൂണ്ടിക്കാട്ടി യുവതി ആരോപിച്ചു.
മഹിപാല്‍ സര്‍വകലാശാലയില്‍ ആര്കിടെക്ച്ചര് വിദ്യാര്‍ഥിയായ ശ്രീയ നമ്പനത്ത് പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം വീഡിയോയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്. വീഡിയോക്ക് താഴെ പിന്തുണയായും വിമര്‍ശനം ഉന്നയിച്ചും നിരവധി പേര് രംഗത്തുവന്നു.