LiveTV

Live

Kerala

ഉപജാപം നടത്തിയെങ്കില്‍ തെളിയിക്കൂ: എം ബി രാജേഷിനോട് ഉമര്‍ തറമേല്‍

'മറ്റൊരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി നിനിതയോട്​ പിൻമാറാൻ അപേക്ഷിക്കും വിധം ഇന്‍റര്‍വ്യു ബോര്‍ഡിലുള്ളവര്‍ ഉപജാപം നടത്തിയെന്ന്​ തെളിയിക്കാൻ കഴിയുമോ?'

ഉപജാപം നടത്തിയെങ്കില്‍ തെളിയിക്കൂ: എം ബി രാജേഷിനോട് ഉമര്‍ തറമേല്‍

കാലടി സർവകലാശാലയിലെ നിയമന വിവാദവുമായി ബന്ധപ്പെട്ട് ആരോപിച്ച കാര്യങ്ങൾ തെളിയിക്കാൻ മുൻ എം.പി എം.ബി രാജേഷിനെ വെല്ലുവിളിച്ച്​ ഡോ. ഉമർ തറമേൽ. വിഷയ വിദഗ്​ധനായി ഇന്‍റർവ്യൂ ബോർഡിലുണ്ടായിരുന്ന ഡോ. ഉമർ തറമേൽ ഫേസ്​ബുക്ക്​ പോസ്റ്റിലാണ്​ രാജേഷിന്​ മറുപടി നൽകിയത്​.

മറ്റൊരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി നിനിതയോട്​ പിൻമാറാൻ അപേക്ഷിക്കും വിധം ഇന്‍റര്‍വ്യു ബോര്‍ഡിലുള്ളവര്‍ ഉപജാപം നടത്തിയെന്ന്​ തെളിയിക്കാൻ താങ്കൾക്ക്​ കഴിയുമോയെന്നാണ് എം ബി രാജേഷിനോട് ഉമർ തറമേലിന്‍റെ ചോദ്യം. നിനിതയോട്​ പിൻമാറാൻ പറയാൻ ആരെയും ഏൽപിച്ചിട്ടില്ല. പഠന വകുപ്പ്​ മേധാവിയെന്ന നിലയിലാണ്​ ഉദ്യോഗാർഥിക്ക്​ സ്വഭാവ സർട്ടിഫിക്കറ്റ്​ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

നിനിത എന്ന ഉദ്യോഗാർഥിയുടെ പി.എച്ച്​ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും തള്ളിപ്പറഞ്ഞിട്ടില്ല. അക്കാദമിക ചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹരിക്കപ്പെടേണ്ടതുമായ ഒരു പ്രശ്നം കക്ഷി, മുന്നണി, തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേക്ക് വലിച്ചുകൊണ്ട് പോയത് തങ്ങളല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഒരു താത്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ സംഭവിക്കുന്നതാണെന്നും ഉമര്‍ തറമേല്‍ പറഞ്ഞു.

നിനിതയുടെ നിയമനം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നുവെന്നും മൂന്നു പേർ ചേർന്നാണ്​ ഇതിനായി ഉപജാപം നടത്തിയതെന്നും എം.ബി രാജേഷ് ഇന്നലെ ആരോപിച്ചിരുന്നു. പിന്മാറിയില്ലെങ്കിൽ മാധ്യമങ്ങളിലൂടെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇന്‍റർവ്യൂ ബോർഡിലുള്ള പ്രമുഖനൊപ്പം ജോലി ചെയ്യുന്ന ആൾക്ക് വേണ്ടിയായിരുന്നു ഗൂഢാലോചന നടത്തിയതെന്നുമായിരുന്നു രാജേഷിന്‍റെ ആരോപണം. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് രാജേഷ് വെളിപ്പെടുത്തിയിട്ടില്ല.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, ഇന്നലെ താങ്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ച ഇക്കാര്യങ്ങൾ ശരിയാണെന്നു തെളിയിക്കാൻ താങ്കൾക്ക് കഴിയുമോ. ഞങ്ങൾക്ക് താല്പര്യമുള്ള ഒരു ഉദ്യോഗാര്‍ഥിക്ക് വേണ്ടി ശ്രീമതി നിനിതയോട് പിന്മാറാൻ അപേക്ഷിക്കും മട്ടിൽ ഞങ്ങൾ സബ്ജക്റ്റ് എക്സ്പേര്‍ട്സ് ഉപജാപം നടത്തി എന്നത്. ഞങ്ങൾ ഏതായാലും അങ്ങനെയൊരാളെ ചുമതലപ്പെടുത്തിയിട്ടില്ല. താങ്കൾ ആരോപിച്ച പ്രകാരം സംഭവിച്ചിട്ടുണ്ടെങ്കിൽ, വൈസ് ചാന്സല ർക്ക് അയച്ച കത്ത് അയാൾക്ക് എവിടുന്നു കിട്ടിയെന്നും, അറിയേണ്ടതുണ്ട്.

മറ്റൊന്ന്,

2019 ഓഗസ്റ്റ് 31 ന് ഈ നടന്ന പോസ്റ്റുകളുടെ അപേക്ഷാ പരസ്യം വരുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അക്കാലത്ത് കാലിക്കറ്റ്‌ സർവകലാശാലയിലുള്ള ഏത് ഉദ്യോഗാർഥിക്കും പഠനവകുപ്പിലെ ഏതു അധ്യാപകരിൽ നിന്നും ഒരു സ്വഭാവ സർട്ടിഫിക്കേറ്റ് വാങ്ങി അയക്കാം, അത്രേയുള്ളൂ. ഇവിടെ സബ്ജക്റ്റ് എക്സ്പേര്‍ട്ട് ആയി വരേണ്ടി വരും എന്നു നിനച്ചു ചെയ്യുന്നതായിരിക്കുമോ ഇത്തരം പണികൾ!!

അതുപോട്ടെ, ഞാൻ നുഴഞ്ഞു കയറി ബോർഡിൽ വന്നതാണോ, സർവകലാശാല വൈസ് ചാന്സലർ വിളിച്ചിട്ട് വന്നതല്ലേ? താൻ ജോലി ചെയ്യുന്ന സർവകലാശാലയിലൊഴികെ ഏതു സർവകലാശാലയിലും സബ്ജക്റ്റ് എക്സ്പേര്‍ട്ട് ആയി വിളിക്കാം എന്നാണ് ഞാൻ മനസ്സിലാക്കി വെച്ചിട്ടുള്ളത്. ഇതൊക്കെ സ്വജന പക്ഷപാതമായി പൊതുസമൂഹത്തിൽ അവതരിപ്പിക്കപ്പെടുന്നതിന്റെ യുക്തി എന്താണ്, എന്നു ഞങ്ങൾക്ക് മനസ്സിലായിട്ടില്ല. പിന്നെ നിനിത എന്ന ഉദ്യോഗാർഥിയുടെ പിഎച്ച്ഡി യോഗ്യതയെയോ മറ്റു കഴിവുകളെയോ ഒന്നും ഞങ്ങൾ എക്സ്പെർട്ടുകൾ തള്ളിപ്പറഞ്ഞിട്ടില്ല. പൊതു നിരത്തിൽ, നിരത്തപ്പെടുന്ന കാര്യങ്ങളൊന്നും ദയവായി ഞങ്ങളുടെ തലയിൽ കെട്ടിവെക്കാതിരിക്കുക.

(ഇത്തരം വിവാദ /സംവാദങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളുടെ ജോലി വേറെയാണ്. അതുകൊണ്ട് തന്നെയാണ് മാധ്യമങ്ങളുടെ 'വിസിബിലിറ്റി'യിൽനിന്നും മാറിനിൽക്കുന്നത്. ഞങ്ങളെ ഏല്പിച്ച കാര്യം പൂർത്തിയാക്കി . അതിൽവന്ന ഒരാപകത ചൂണ്ടിക്കാട്ടി. അത്രയുള്ളൂ. അക്കാഡമിക ചർച്ചകളിലൂടെ സംഭവിക്കേണ്ടതും പരിഹൃതമാകേണ്ടതുമായ ഒരു പ്രശ്നം കക്ഷി /മുന്നണി /തെരഞ്ഞെടുപ്പ് രാഷ്ട്രീയ കോലാഹലങ്ങളിലേയ്ക്ക് വലിച്ചുകൊണ്ട് പോയത് ഞങ്ങൾ അല്ല. ഇത്തരം കാര്യങ്ങളിലൊന്നും ഞങ്ങൾക്ക് ഒരു താല്പര്യവുമില്ല. അത് കേരളത്തിന്റെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയുമായി സംഭവിക്കുന്നതാണ്, എന്നു കൂടി ആവർത്തിക്കുന്നു.)

മുൻ എം പി,ബഹു. എം ബി രാജേഷ് ഇന്നലെ നടത്തിയ പത്രസമ്മേളനം-സൂചന. താങ്കളോടുള്ള എല്ലാ ബഹുമാനവും സ്നേഹവും നിലനിർത്തിക്കൊണ്ട്...

Posted by Umer Tharamel Tharamel on Saturday, February 6, 2021