LiveTV

Live

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏഴ് പേർക്ക് പെന്‍ഷന്‍ നല്‍കാന്‍ സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്തു

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് സംബന്ധിച്ച ചട്ടത്തില്‍ ഉള്‍പ്പെടാതിരുന്നവർക്ക് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് എടുത്തത്

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏഴ് പേർക്ക് പെന്‍ഷന്‍ നല്‍കാന്‍ സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്തു

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏഴ് പേർക്ക് പെന്‍ഷന്‍ നല്‍കാനായി സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്തു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് സംബന്ധിച്ച ചട്ടത്തില്‍ ഉള്‍പ്പെടാതിരുന്നവർക്ക് പെന്‍ഷന്‍ ഉറപ്പാക്കാനുള്ള തീരുമാനം കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് എടുത്തത്. ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിന്റെ നോട്ട് മീഡിയവണിന് ലഭിച്ചു.

മുഖമന്ത്രിയുടെ പ്രസ് അഡ്വൈസർ, പ്രസ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി, അദ്ദേഹത്തിന്റെ സ്റ്റാഫില്‍ പെട്ട ക്ലർക്ക്, ഓഫീസ് അസിസ്റ്റന്റ്, കംപ്യൂട്ടർ അസിസ്റ്റന്റ്, ഡ്രൈവർ എന്നിവരുടെ നിയമനമാണ് ക്രമപ്പെടുത്തിയത്. ഈ സർക്കാർ അധികാരമേറ്റതിന്റെ തൊട്ടടുത്ത മാസം മുതലുള്ള മുന്‍കാല പ്രാബല്യം നല്‍കിയാണ് സ്പെഷ്യല്‍ റൂള്‍ ഭേദഗതി. 2011ലെ ഉത്തരവ് പ്രകാരം മുഖ്യമന്ത്രിക്ക് അനുവദിച്ചിരിക്കുന്ന പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം 30 ആണ്. ഭേദഗതിയോടെ എണ്ണം 37 ആയി മാറും. ഇതിന് എതിരെ പ്രതിപക്ഷം രംഗത്ത് വന്നു.

പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ സ്റ്റാഫ് ആരൊക്കെയെന്ന് ധനവകുപ്പ് ആരാഞ്ഞിരുന്നെങ്കിലും കൃത്യമായി വിശദീകരിച്ചില്ല. പേഴ്സണല്‍ സ്റ്റാഫില്‍ അധിക വിഭാഗക്കാരെയും അവർക്കുള്ള സ്റ്റാഫിനേയും ഏഴില്‍ കവിയാത്ത അംഗ സംഖ്യയില്‍ നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് മറുപടി നല്‍കിയത്. നിയമ വകുപ്പിന്റെ അഭിപ്രായം തേടിയതായും ഫയലില്‍ കാണുന്നില്ല.

ധന, നിയമ വകുപ്പുകളെ മറികടന്ന് വ്യാപക സ്ഥിരപ്പെടുത്തല്‍

കിലയിലും കെല്‍ട്രോണിലും നടന്ന രീതിയില്‍ ധനവകുപ്പിന്റെയും നിയമ വകുപ്പിന്റെയും എതിര്‍പ്പ് മറികടന്ന് കൂടുതലിടങ്ങളില്‍ സ്ഥിര നിയമനം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍, ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ്, കേരള ഈറ്റതൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് എന്നിവിടങ്ങളിലാണ് ധന, നിയമ വകുപ്പുകളെ മറികടന്നു കൊണ്ട് സ്ഥിരപ്പെടുത്തല്‍ നടന്നത്. മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പുകള്‍ മീഡിയവണിന് ലഭിച്ചു.

വ്യവസായ വകുപ്പിന് കീഴിലുള്ള കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷനില്‍ ആറ് കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് 2020 ഒക്ടോബര്‍ 23ന്. പ്രോഗ്രാം ഓഫീസര്‍, ഓഫീസ് അസിസ്റ്റന്റ്, പ്രോഗ്രാം അസിസ്റ്റന്റ് എന്നീ തസ്തികയിലായിരുന്നു നിയമം. ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പില്‍ നിന്ന് തന്നെ ധന വകുപ്പിന്റെയും നിയമ വകുപ്പിന്റെയും എതിര്‍പ്പ് വ്യക്തം. പക്ഷേ ഇത് മറികടക്കാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിലെ സ്ഥിരപ്പെടുത്തലിലും സമാനമായി എതിര്‍പ്പ് നിയമ വകുപ്പും ധനവകുപ്പും ഉയര്‍ത്തി. 1996ന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ചവരെ മാത്രമേ സ്ഥിരപ്പെടുത്താവൂവെന്ന സുപ്രീംകോടതി വിധിയിലെ നിര്‍ദേശവും ഇവിടെ മറികടക്കപ്പെട്ടു. 3 ഹെല്‍പ്പര്‍മാരെ സ്ഥിരപ്പെടുത്താന്‍ ഈ വര്‍ഷം ജനുവരി 7ന് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ തൊഴില്‍ വകുപ്പിന് കീഴിലെ കേരള ഈറ്റ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡിലും ഇതേ രീതിയില്‍ സ്ഥിരപ്പെടുത്തല്‍ നടത്തി. രണ്ട് എല്‍ഡി ക്ലര്‍ക്കുമാരെ സ്ഥിരപ്പെടുത്തുന്നത് നിയമ വിധേയമല്ലെന്നായിരുന്നു നിയമ വകുപ്പിന്റെയും ധനവകുപ്പിന്റെയും നിലപാട്. അവിടേയും എതിര്‍പ്പുകള്‍ മറികടന്ന് സ്ഥിരപ്പെടുത്തലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.