സ്കോള്‍ കേരളയിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍: ഫയല്‍ മുഖ്യമന്ത്രി മടക്കി
ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടു. സീനിയോരിറ്റിയും യോഗ്യതയും മറികടന്നുള്ള നിയമനം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്കോൾ കേരളയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ശിപാര്‍ശ ചെയ്തുള്ള ഫയല്‍ മുഖ്യമന്ത്രി തിരിച്ചയച്ചു. ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള മാനദണ്ഡങ്ങളില്‍ വിശദീകരണം ആവശ്യപ്പെട്ടു. സീനിയോരിറ്റിയും യോഗ്യതയും മറികടന്നുള്ള നിയമനം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എല്‍.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിതരായ 55 പേർക്ക് സ്കോള്‍ കേരളയില്‍ സ്ഥിര നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി ഷീജ എൻ , ദേശാഭിമാനിയിലെ ജീവനക്കാരുടെ ബന്ധുക്കൾ, പാർട്ടി പ്രവർത്തകർ തുടങ്ങി സി.പി.എമ്മുമായി അടുപ്പമുള്ളവർക്ക് മാത്രമാണ് നിയമനം നൽകുന്നത്. യു.ഡി.എഫിന്റെ കാലത്ത് നിയമിതരായ 28 പേർക്ക് സ്ഥിരം നിയമനം നൽകിയിട്ടുമില്ല. സ്ഥിരം നിയമനം ലഭിക്കുന്നതോടെ സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. പി.എസ്.സിയെ നോക്കുകുത്തിയാക്കിയാണ് താൽക്കാലിക ജീവനക്കാരെ സ്ഥിരപെടുത്തുന്നതാണ് ആക്ഷേപം ഉയരുന്നത്.
എ.എ റഹീമിന്റെ സഹോദരി ഉള്‍പ്പെടെ ശിപാര്‍ശ ചെയ്യപ്പെട്ടവര്‍ക്ക് തുടർച്ചയായി 10 വർഷം സർവ്വീസില്ല. കൂടുതൽ സീനിയോരിറ്റി ഉള്ളവരെ മറികടന്നാണ് സി.പി.എം ബന്ധം ഉള്ളവരെ മാത്രമായി നിയമിക്കുന്നത്. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടിയെ മന്ത്രി ഇ.പി ജയരാജന് ന്യായീകരിച്ചിരുന്നു. ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.
പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നിയമിതരായ അനിത കെ, സാജു തിലക്, പീതാംബരൻ തുടങ്ങി 28 പേരെ ഒഴിവാക്കി പാർട്ടിക്കാർക്കും അവരുടെ ബന്ധുക്കൾക്കും മാത്രം സ്ഥിരം നിയമനം നൽകുന്നത് വിവാദമായതോടെയാണ് മുഖ്യമന്ത്രി വിശദീകരണം ചോദിച്ച് ഫയല്‍ തിരിച്ചയച്ചത്.