പാലാ ഇപ്പോഴും ചങ്ക് തന്നെ, അവസാന നിമിഷം സീറ്റില്ലെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാകും: മാണി സി കാപ്പന്
മുന്നണി മാറ്റത്തെ കുറിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്

മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് എന്‍സിപി നേതാവ് പ്രഫുൽ പട്ടേൽ സമയം ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ലെന്ന് മാണി സി കാപ്പൻ എംഎല്‍എ. മുന്നണി മാറ്റത്തെ കുറിച്ച് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. പുറത്ത് വരുന്നത് ഊഹാപോഹങ്ങൾ മാത്രമാണ്. പാലാ ഇപ്പോഴും ചങ്ക് തന്നെ. അവസാന നിമിഷം സീറ്റില്ലെന്ന് പറഞ്ഞാൽ ബുദ്ധിമുട്ടാകുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
പാലാ സീറ്റിലെ തർക്കം ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ തീരുമാനമാകൂവെന്ന് എന്‍സിപി നേതാവ് പീതാംബരൻ മാസ്റ്റർ. പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പ്രഫുൽ പാട്ടേലിനെ കാണില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ചര്‍ച്ചക്കുള്ള തിയ്യതി അറിയിക്കാമെന്നാണ് പറഞ്ഞത്. മാണി സി കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും പാലാ സീറ്റ് തരില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പ്രതികരിച്ചു.
പ്രശ്നമുണ്ടെന്ന് ബോധപൂർവ്വം വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രന് പ്രതികരിച്ചു. എൻസിപിയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ല. എൻസിപിക്ക് സീറ്റ് കിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. പ്രഫുൽ പട്ടേലിന് മുഖ്യമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. പക്ഷേ തിയ്യതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.