LiveTV

Live

Kerala

ക്രെഡിറ്റ് ആര്‍ക്ക്? ചൂടുപിടിച്ച് ആലപ്പുഴയിലെ ബൈപ്പാസ് രാഷ്ട്രീയം

ബൈപ്പാസ് വൈകിപ്പിച്ചത് മാത്രമാണ് ഇടതുസര്‍ക്കാറിന്റെ നേട്ടമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പരിഹാസം.

ക്രെഡിറ്റ് ആര്‍ക്ക്? ചൂടുപിടിച്ച് ആലപ്പുഴയിലെ ബൈപ്പാസ് രാഷ്ട്രീയം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ ആലപ്പുഴ ബൈപ്പാസ് സജീവ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കെ സി വേണുഗോപാലാണെന്നാണ് കോണ്‍ഗ്രസ് വാദം. നേരത്തെ പൂര്‍ത്തിയാക്കേണ്ട ബൈപ്പാസ് ഇടത് സര്‍ക്കാര്‍ വൈകിപ്പിച്ചതാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ആലപ്പുഴ ബൈപ്പാസ് തുറന്നത് ഇടത് സര്‍ക്കാറിനും മന്ത്രി ജി സുധാകരനും ചെറിയ നേട്ടമല്ല ഉണ്ടാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയതില്‍ കേന്ദ്രസര്‍ക്കാറിന്റെ വരെ പ്രശംസ ലഭിച്ചു. എന്നാല്‍ ബൈപ്പാസില്‍ ഇടത് സര്‍ക്കാറിന്റെ അവകാശവാദം പൊള്ളയാണെന്നാണ് കോണ്‍ഗ്രസ് വാദം. ഏറിയപങ്കും എംപിയും കേന്ദ്രമന്ത്രിയുമായിരുന്നു കെ സി വേണുഗോപാലിനാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കെ സി വേണുഗോപാലിന് സ്വീകരണം നല്‍കി ഈ നേട്ടം ഉയര്‍ത്തിക്കാട്ടുകയാണ് കോണ്‍ഗ്രസ്.

ഇടപെടലുകള്‍ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞാണ് അവകാശവാദം. ബൈപ്പാസ് വൈകിപ്പിച്ചത് മാത്രമാണ് ഇടതുസര്‍ക്കാറിന്റെ നേട്ടമെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പരിഹാസം. എല്‍ഡിഎഫും യുഡിഎഫും പാതി നിര്‍മാണ തുക കേന്ദ്രത്തിന്റേതായതിനാല്‍ ബിജെപിയും ബൈപ്പാസില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം ആലപ്പുഴ ബൈപ്പാസാകുമെന്ന് ഉറപ്പ്.