LiveTV

Live

Kerala

പി.വി അൻവർ എംഎൽഎ ഘാനയിൽ ജയിലിലാണെന്ന് സോഷ്യൽ മീഡിയ; ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് പി വി അൻവർ

ഘാനയുടെ പ്രസിഡന്‍റിന്‍റെ ഫേസ്‍ബുക്ക് പേജിലാണ് നിലമ്പൂർ എം.എൽ.എയെ വിട്ടുതരണമെന്ന കമൻറുകൾ സജീവമായത്.

പി.വി അൻവർ എംഎൽഎ ഘാനയിൽ ജയിലിലാണെന്ന് സോഷ്യൽ മീഡിയ; ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് പി വി അൻവർ

ഘാനയിൽ ജയിലിലാണെന്ന സോഷ്യൽ മീഡിയ പ്രചാരണം തള്ളി പി വി അൻവർ എംഎൽഎ. ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്ന് എംഎൽഎയുടെ ഫേസ്‍ബുക്ക് പോസ്റ്റ്. അതേസമയം എംഎൽഎയുടെ അസാന്നിധ്യം സോഷ്യൽ മീഡിയയിലടക്കം പ്രചാരണ വിഷയമാക്കുകയാണ് യുഡിഎഫ്.

ഘാനയുടെ പ്രസിഡന്‍റിന്‍റെ ഫേസ്‍ബുക്ക് പേജിലാണ് നിലമ്പൂർ എം.എൽ.എയെ വിട്ടുതരണമെന്ന കമൻറുകൾ സജീവമായത്. അൻവറിനെ കാണാൻ ഇല്ലെന്നു കാണിച്ചു യൂത്ത് കോൺഗ്രസ് പ്രവർത്തകർ രണ്ടാഴ്ച മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. പരാതിക്കാരെല്ലാം ക്ഷമിക്കണം താൻ ആഫ്രിക്കയിലാണെന്നും പി.വി അൻവർ ഫേസ്‍ബുക്കിലൂടെ മറുപടി നൽകി. കോവിഡ് ബാധിച്ചതിനാൽ തിരിച്ചു വരവ് വൈകിയെന്നും അൻവർ ഫേസ്‍ബുക്കിലൂടെ വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് ഘാന പ്രസിഡന്റിന്റെ ഫേസ്‍ബുക്ക് പേജിൽ മലയാളം കമന്റുകൾ നിറഞ്ഞത്. പരിഹാസരൂപേണയാണ് പല കമന്റുകളും. ഇതിനും അൻവർ ഫേസ്‍ബുക്കിലൂടെ മറുപടി നൽകി. ഘാനയിലാണെന്ന പ്രചാരണം നിഷേധിച്ചാണ് എംഎൽഎയുടെ ഫേസ്‍ബുക്ക് പോസ്റ്റ്, ലേറ്റ് ആയി വന്നാലും ലേറ്റസ്റ്റ് ആയി വരുമെന്നും പി.വി അന്‍വര്‍ പുതിയ ഫേസ്‍ബുക്ക് പോസ്റ്റിൽ കുറിച്ചു.

അതേസമയം പി.വി അൻവറിന്റെ അസാന്നിധ്യം പ്രചാരണായുധമാക്കുകയാണ് കോൺഗ്രസ്. കഴിഞ്ഞ ദിവസം നിലമ്പൂരിലെ യുഡിഎഫ് കേരളയാത്രയുടെ സ്വീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അൻവറിന്റെ അസാന്നിധ്യത്തെ പരാമർശിച്ചിരുന്നു.

എന്നാല്‍ വ്യവസായി കൂടി ആയ അൻവർ ആ ആവശ്യങ്ങൾക്ക് വിദേശത്തു പോകുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് ആണ് സിപിഎം വിശദീകരണം. ലീഗ് നേതാക്കന്മാർ പലരും ഇത്തരത്തിൽ വിദേശത്ത് പോകുന്നവര്‍ ആണെന്നും അപ്പോഴൊന്നും ഇല്ലാത്ത വിവാദം ഇപ്പോൾ ഉണ്ടാക്കേണ്ടത് ഇല്ലെന്നുമാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.