LiveTV

Live

Kerala

ശബരിമലനിയമത്തിന്‍റെ കരട് ഇപ്പോൾ പ്രസിദ്ധീകരിക്കുമോ?: യു.ഡി.എഫിനെ വെല്ലുവിളിച്ച് എ. കെ ബാലന്‍; മറുപടിയുമായി തിരുവഞ്ചൂര്‍

ശബരിമല വിഷയത്തിൽ മുൻ നിലപാട് മാറ്റിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ശബരിമലനിയമത്തിന്‍റെ  കരട് ഇപ്പോൾ പ്രസിദ്ധീകരിക്കുമോ?:  യു.ഡി.എഫിനെ വെല്ലുവിളിച്ച്  എ. കെ ബാലന്‍; മറുപടിയുമായി തിരുവഞ്ചൂര്‍

ശബരിമലയിലെ നിയമത്തിന്‍റെ കരട് പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ വെല്ലുവിളിച്ച് എ.കെ ബാലന്‍. സത്യപ്രതിഞ്ജ ചെയ്യുന്ന ദിവസം നിയമം കൊണ്ട് വരാൻ യുഡിഎഫ് കാത്തിരിക്കണ്ട. ഇക്കാര്യത്തില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലന്‍. ധൈര്യമുണ്ടെങ്കില്‍ കരട് യു.ഡി.എഫ് പുറത്തുവിടണമെന്നും എ.കെ ബാലന്‍ മീഡിയവണിനോട് പ്രതികരിച്ചു. സുപ്രിം കോടതി സ്റ്റേ ചെയ്യാത്ത ഒരു ഉത്തരവ് നിലനില്‍ക്കുമ്പോള്‍ പകരം നിയമം കൊണ്ട് വരാൻ കഴിയില്ലെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

പാർലമെന്‍റിനും, നിയമസഭയ്ക്കും നിയമം കൊണ്ടുവരാൻ കഴിയില്ല. നിയമം കൊണ്ട് വരാൻ കഴിയുമെന്ന് തലയ്ക്ക് വെളിവുള്ള ആരും പറയില്ല. ശബരിമല പറഞ്ഞ് കബളിപ്പിക്കൽ കേരളത്തിൽ നടക്കില്ല. കോടതി വിധി നടപ്പാക്കുമ്പോൾ അതിനെ ബാധിക്കുന്നവരെ സർക്കാർ കേൾക്കുമെന്നും നിയമമന്ത്രി പറഞ്ഞു.

മന്ത്രി എ.കെ ബാലന്‍റെ വെല്ലുവിളി ഏറ്റെടുത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നോട്ടുവന്നു. യു.ഡി.എഫ് കൊണ്ടുവരുമെന്ന് പറഞ്ഞ നിയമം സംബന്ധിച്ച കരട്, മന്ത്രി എ.കെ ബാലന് യു.ഡി.എഫ് നൽകാം. എട്ട് വകുപ്പുകളുള്ള കരട് ബില്ലാണ് യു.ഡി.എഫ് തയാറാക്കിയത്. പുതിയ നിയമം കൊണ്ടുവരാൻ തയാറാണോ എന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. ആചാര സംരക്ഷണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വിപരീതമയാണ് പിണറായി സർക്കാർ കോടതിയിൽ നീങ്ങുന്നത്. ജനങ്ങളുടെ കണ്ണിൽ സർക്കാർ പൊടിയിടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു.

ശബരിമല വിഷയത്തിൽ മുൻ നിലപാട് മാറ്റിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അയ്യപ്പഭക്തർക്ക് അനുകൂലമായ വിധി വരണമെങ്കിൽ സർക്കാർ നൽകിയ സത്യവാങ്‌മൂലം മാറ്റി നൽകണം. ആചാരാനുഷ്ഠാനങ്ങൾ നിലനിർത്താൻ യുഡിഎഫ് അധികാരത്തിൽ വന്നാൽ നിയമനിർമാണം നടത്തും. നിയമനിർമാണം നടത്താൻ ബാധ്യസ്ഥരായ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തു കളിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.