LiveTV

Live

Kerala

സ്കോൾ കേരള നിയമനം: എ. എ റഹീമിന്‍റെ സഹോദരിക്ക് തുടര്‍ച്ചയായ 10 വര്‍ഷത്തെ സര്‍വ്വീസില്ല

സ്കോൾ കേരള നിയമന വിവാദത്തിൽ സി.പി.എമ്മിന്‍റെയും, സർക്കാറിന്‍റെയും വാദങ്ങൾ പൊളിയുന്നു.

സ്കോൾ കേരള നിയമനം: എ. എ റഹീമിന്‍റെ സഹോദരിക്ക് തുടര്‍ച്ചയായ 10 വര്‍ഷത്തെ സര്‍വ്വീസില്ല

സ്കോൾ കേരള നിയമന വിവാദത്തിൽ സി.പി.എമ്മിന്‍റെയും, സർക്കാറിന്‍റെയും വാദങ്ങൾ പൊളിയുന്നു. എ. എ റഹീമിന്‍റെ സഹോദരി ഷീജ ഉൾപ്പെടെ ഒരാൾക്കും തുടർച്ചയായി 10 വർഷം സർവ്വീസില്ല. കൂടുതൽ സീനിയോരിറ്റി ഉള്ളവരെ മറികടന്നാണ് സി.പി.എം ബന്ധം ഉള്ളവരെ മാത്രമായി നിയമിക്കുന്നത്.

സ്കോള്‍ കേരള നിയമനം വിവാദമായപ്പോള്‍ 10 വർഷം തുടർച്ചയായി ജോലി ചെയ്തവരെ മാത്രമാണ് നിയമിക്കുന്നത് എന്നായിരുന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നല്‍കിയ വിശദീകരണം. സഹോദരി ഷീജയെ സ്ഥിരപ്പെടുത്താൻ പോകുന്നുവെന്ന വിവരം പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എ.എ റഹീം രംഗത്തുവന്നത്. എന്നാൽ റഹീമിന്‍റെ സഹോദരി ഉൾപ്പെടെ ഒരാൾക്ക് പോലും സ്കോൾ കേരളയിൽ തുടർച്ചയായി 10 വർഷം സർവ്വീസില്ല. 2013 ൽ യു.ഡി.എഫ് സർക്കാർ ഇവരെ പിരിച്ചുവിട്ടിരുന്നു. 2014ലാണ് ഇവർ വീണ്ടും ജോലിക്ക് കയറിയത്.

താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയെ മന്ത്രി ഇ.പി ജയരാജനും ന്യായീകരിച്ചിരുന്നു. ജീവനക്കാരെ സ്ഥിരപ്പെടുത്തിയത് ജീവകാരുണ്യ നടപടിയാണെന്നായിരുന്നു ജയരാജന്റെ പ്രതികരണം.

റഹീമിന്‍റെ സഹോദരി ഷീജയെക്കാൾ 8 വർഷം സീനിയോരിറ്റി ഉള്ളവരെ പോലും ഒഴിവാക്കിയാണ് പാർട്ടിക്കാരെ മാത്രം നിയമിക്കുന്നത്. പി.ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് നിയമിതരായ അനിത കെ, സാജു തിലക്, പീതാംബരൻ തുടങ്ങി 28 പേരെ ഒഴിവാക്കിയാണ് പാർട്ടിക്കാർക്കും, അവരുടെ ബന്ധുക്കൾക്കും മാത്രം സ്ഥിരം നിയമനം നൽകുന്നത്.