നീതി നിഷേധത്തിന്റെ 12 വർഷങ്ങൾ; പരപ്പനങ്ങാടി സ്വദേശി സകരിയ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍
ബംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്.

നീതി നിഷേധിക്കപ്പെട്ട് വിചാരണ തടവുകാരനെന്നെ പേരില്‍ പരപ്പനങ്ങാടി സ്വദേശി സകരിയ ജയിലിനകത്തായിട്ട് 12 വർഷങ്ങൾ പിന്നിടുന്നു. ബംഗളുരു സ്ഫോടനവുമായി ബന്ധപ്പെട്ടാണ് 2009 ഫെബ്രുവരി അഞ്ചിന് സകരിയയെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നത്. നീണ്ട 12 വർഷങ്ങൾക്കിപ്പുറവും നീതിക്കായി സക്കറിയയുടെ മാതാവും നാട്ടുകാരും പോരാട്ടം തുടരുകയാണ്.
മലപ്പുറം തിരൂരിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന സകരിയ സ്ഫോടനത്തിന് ആവശ്യമായ ചിപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന 'വ്യാജ' കുറ്റം ചുമത്തിയാണ് കര്‍ണാടക പൊലീസ് ആദ്യം കസ്റ്റഡിയിലെടുക്കുന്നത്. 2009 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കാമെന്ന ഉറപ്പിലായിരുന്നു ഇത്. പക്ഷേ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി കര്‍ണാടക പൊലീസ് വീട്ടുകാരെ അറിയിക്കുകയായിരുന്നു.
12 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും സക്കരിയ വിചാരണ തടവുകാരനായി തുടരുകയാണ്. സക്കരിയ നേരത്തേ ജോലി ചെയ്ത തിരൂരിലെ ഇലക്ട്രോണിക് കടയില്‍ വെച്ച് ബോംബ് സ്ഫോടനത്തിന് സഹായകരമായ ചിപ്പ് നിര്‍മിച്ചെന്ന ആരോപണത്തിന് ബലമേകാനാണ് കേസില്‍ ഒമ്പതാം പ്രതിയായി സകരിയക്കെതിരെ എന്‍.ഐ.എ സംഘം കുറ്റം ചുമത്തുന്നത്. പതിനെട്ടാം വയസ്സില്‍ കുറ്റമെന്തെന്നറിയാതെ അഴിക്കുള്ളിലായ സകരിയ യു.എ.പി.എ ചുമത്തപ്പെട്ട് നീതി നിഷേധത്തിന്റെ ജീവിക്കുന്ന ഉദാഹരണമായി ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയാണിപ്പോഴും.
12 വര്‍ഷത്തെ ജയില്‍വാസത്തിനിടയില്‍ സകരിയക്ക് രണ്ടു തവണ മാത്രമാണ് ജാമ്യം ലഭിച്ചത്. സഹോദരൻ മുഹമ്മദിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിന് സകരിയക്ക് വിചാരണക്കോടതി രണ്ട് ദിവസം ജാമ്യം അനുവദിച്ചു. സകരിയ വീണ്ടും രണ്ടു ദിവസത്തേക്ക് ജാമ്യത്തിൽ വന്നത് സഹോദരന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായിരുന്നു. മകന് നീതി ലഭിക്കാൻ സുപ്രീം കോടതിയെ സമീപിച്ച സക്കരിയയുടെ മാതാവ് ബിയുമ്മയും, സക്കറിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന ഫ്രീ സക്കറിയ ആക്ഷൻ കൗൺസിലും നീതിയുടെ നല്ല നാളുകൾക്കായി നീണ്ട കാത്തിരിപ്പിലാണ്.