LiveTV

Live

Kerala

യൂത്ത് ലീഗ് ഫണ്ട് പിരിവ്; പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കെ.സുധാകരന്റെ വിവാദമായ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു

യൂത്ത് ലീഗ് ഫണ്ട് പിരിവ്; പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

കത്വയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് നൽകാൻ പിരിച്ച പണം യൂത്ത് ലീഗ് നേതാക്കൾ വകമാറ്റി ചിലവഴിച്ചെന്ന് ആരോപണത്തിൽ പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. യൂത്ത് ലീഗ് മുൻ ദേശീയ കമ്മിറ്റി അംഗം യൂസഫ് പടനിലമാണ് ആരോപണവുമായി രംഗത്തെത്തിയത്. പള്ളികളിൽ നിന്നും ഗൾഫിൽ നിന്നും പിരിച്ച ഒരു കോടി രൂപയുടെ കണക്ക് പാർട്ടിയിൽ അവതരിപ്പിച്ചിട്ടില്ലെന്നായിരുന്നു ആരോപണം.

കെ.സുധാകരന്റെ വിവാദമായ പ്രസ്താവനയ്ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ചെത്തുകാരന്റെ മകനായി ജനിച്ചതിൽ ജാള്യത ഇല്ലെന്നും മറിച്ച് അഭിമാനമാണുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് വിശദീകരിച്ച പിണറായി വിജയൻ സുധാകരന്റേത് ആക്ഷേപമായി കണക്കാക്കുന്നില്ലെന്നും പറഞ്ഞു.

ചെത്തുതൊഴിലാളിയുടെ മകനായി ജനിച്ചു എന്നത് ഏതെങ്കിലും തരത്തിൽ ഒരപമാനമായി കാണുന്നില്ല. സുധാകരൻ ബ്രണ്ണൻ കോളേജിൽ പഠിക്കാൻ വന്ന കാലം മുതലേ പരസ്പരം അറിയാം, അതുകൊണ്ട് തന്നെ ചെത്തുകാരന്റെ മകൻ എന്ന് തന്നെ വിളിച്ചത് ഒരാക്ഷേപമായി കാണുന്നില്ല. പിണറായി കൂട്ടിച്ചേർത്തു.

ചെത്തുകാരന്റെ മകൻ എന്ന് വിളിക്കുന്നത് ഒരു തരത്തിലും ആക്ഷേപമായി കാണേണ്ടതില്ല. മറ്റേതെങ്കിലും ദുർ പ്രവൃത്തിയിലേർപ്പെട്ടിരുന്ന ഒരാളുടെ മകനാണെന്ന് പറഞ്ഞാൽ അതിന് മകൻ ഉത്തരവാദിയല്ലെങ്കിൽ കൂടി അതൊരു ജാള്യതയായി തോന്നാനുള്ള സാധ്യതയുണ്ട്, പക്ഷേ ഇവിടെയങ്ങനൊരു ജാള്യതയുടേയോ അപമാനത്തിന്റെയോ പോലും ആവശ്യമില്ല. പണിയെടുത്ത് ജീവിച്ച ഒരു പിതാവിന്റെ മകനാണ് എന്നതിൽ അഭിമാനം മാത്രമേയുളളൂ. പിണറായി വിജയൻ പറഞ്ഞു.