LiveTV

Live

Kerala

'മുല്ലപ്പള്ളി ഗോപാലനെ അട്ടം പരതി ഗോപാലന്‍ എന്ന് വിളിച്ചവ‍ര്‍ പിണറായിയുടെ അച്ഛൻ അന്ന് തേരാപാരാ നടക്കുകയായിരുന്നുവെന്ന് ഓര്‍ക്കണം'

മുഖ്യമന്ത്രിക്കെതിരെ താൻ ജാതി പറഞ്ഞിട്ടില്ലെന്നും, തൊഴിൽ പറഞ്ഞാൽ ആക്ഷേപിക്കലാകുമോയെന്നും സുധാകരന്‍ ചോദിച്ചു.

'മുല്ലപ്പള്ളി ഗോപാലനെ അട്ടം പരതി ഗോപാലന്‍ എന്ന് വിളിച്ചവ‍ര്‍ പിണറായിയുടെ അച്ഛൻ അന്ന് തേരാപാരാ നടക്കുകയായിരുന്നുവെന്ന് ഓര്‍ക്കണം'

മുല്ലപ്പള്ളി ഗോപാലനെ 'അട്ടം പരതി ഗോപാലന്‍' എന്ന് വിളിച്ചവ‍ര്‍ക്ക് പിണറായി വിജയന്‍റെ അച്ഛന്‍ അന്ന് തേരാപാര നടക്കുകയായിരുന്നുവെന്ന ഓര്‍മ വേണമെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ. സുധാകരന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ജാതീയ പരാമർശത്തെ ന്യായീകരിക്കും വിധമായിരുന്നു കെ. സുധാകരന്‍റെ സംസാരം.

മുഖ്യമന്ത്രിക്കെതിരെ താൻ ജാതി പറഞ്ഞിട്ടില്ലെന്നും, തൊഴിൽ പറഞ്ഞാൽ ആക്ഷേപിക്കലാകുമോയെന്നും സുധാകരന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പ്രസ്താവനയെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ലോക്​സഭ എം.പി എൻ.കെ പ്രേമചന്ദ്രനെ പരനാറിയെന്നും താമരശ്ശേരി ബിഷപ്പിനെ നികൃഷ്​ടജീവിയെന്നും വിളിച്ച പിണറായി വിജയൻ ബഹുമാനം അർഹിക്കുന്നില്ലെന്നും​ സുധാകരൻ കൂട്ടിച്ചേര്‍ത്തു. പിണറായി മുമ്പ് കോൺഗ്രസ്​ നേതാക്കളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും. അത്​ തിരുത്താൻ അദ്ദേഹം തയാറാവുമോയെന്നും അദ്ദേഹം ചോദിച്ചു.

'ഇ.എം.എസ്​ അടക്കമുള്ള നേതാക്കൾ മുമ്പ് പലരെയും​ ജാതീയമായി അധിക്ഷേപിച്ചിട്ടുണ്ട്​. മുല്ലപ്പള്ളിയുടെ പിതാവിനെ പിണറായിയും അധിക്ഷേപിച്ചിട്ടുണ്ട്​. ഓരോ ആളുകളുടെയും വളർന്ന സാഹചര്യങ്ങൾ അവരുടെ ദർശനങ്ങളെയും സ്വാധീനിക്കും. തൊഴിൽ അഭിമാനമാണ്. അധ്വാനത്തിന്‍റെ അഭിമാനത്തെ ആരും ചോദ്യം ചെയ്തിട്ടില്ല' സുധാകരൻ പറഞ്ഞു.

'ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍' എന്ന തരത്തിലാണ് കണ്ണൂരില്‍ കെ.സുധാകരന്‍ പ്രസ്താവന നടത്തിയത്. ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും സുധാകരന്‍ പറഞ്ഞു. തലശേരിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്‍റെ വിവാദ പ്രസംഗം.

സുധാകരന്‍റെ പ്രസംഗം വിവാദമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇതിനെതിരെ ആദ്യം രംഗത്തെത്തിയിരുന്നു. അരൂര്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാനും, പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയും പരാമര്‍ശം ശരിയായില്ല എന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പിന്നീട് ചെന്നിത്തലയും ഷാനിമോള്‍ ഉസ്മാനും നിലപാട് തിരുത്തി, സുധാകരന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും സുധാകരനൊപ്പമാണ് പാര്‍ട്ടിയെന്നും പ്രതികരിച്ചു.

സുധാകരനെതിരെ ആദ്യം നിലപാടെടുത്ത ഷാനിമോൾ ഉസ്മാനെതിരെ സാമൂഹിക മാധ്യമങ്ങളിൽ കോൺഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്നു തന്നെ വ്യാപകമായ സൈബര്‍ അക്രമണം ഉണ്ടായിരുന്നു.