LiveTV

Live

Kerala

ശബരിമല വിഷയത്തിൽ കരുതലോടെ പ്രതികരിക്കാൻ സി.പി.എം

വിശ്വാസികൾ വൈകാരിമായി കാണുന്ന കാര്യത്തിൽ മുമ്പത്തെ പോലെ കർശന നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സി പി എം തീരുമാനം

ശബരിമല വിഷയത്തിൽ  കരുതലോടെ പ്രതികരിക്കാൻ സി.പി.എം

ശബരിമല സ്ത്രീ പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള യു ഡി എഫ് നീക്കത്തിൽ കരുതലോടെ പ്രതികരിക്കാനാണ് സി പി എം തീരുമാനം.കോടതി വിധി വന്നശേഷം എല്ലാവരുമായും ചർച്ച നടത്തുമെന്ന നിലപാടിലേക്ക് സി പി എം എത്തിച്ചേർന്നതും, ശബരിമല, വിശ്വാസികളെ സംബന്ധിച്ച് വൈകാരികമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ശബരിമല ഉയർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്‌.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു :

"കോടതി വിധി എന്തായാലും നടപ്പാക്കും.ഏത് സർക്കാരിനും ഇത് മാത്രമേ ചെയ്യാൻ കഴിയൂ "

എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ ശബരിമല വിഷയത്തിൽ സി പി എം കരുതലോടെയാണ് നീക്കം നടത്തുന്നത്. വിശ്വാസികൾ വൈകാരിമായി കാണുന്ന കാര്യത്തിൽ മുമ്പത്തെ പോലെ കർശന നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സി പി എം തീരുമാനം.കോടതി വിധി വന്നശേഷം എല്ലാവരുമായും ചർച്ച ചെയ്യുമെന്ന പാർട്ടി സെക്രട്ടറിയുടെ വാക്കുകളും ഇതാണ് സൂചിപ്പിക്കുന്നത്.

എന്നാൽ തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഏറ്റവും മികച്ച ആയുധം ശബരിമലയാണെന്ന വിലയിരുത്തലിലാണ് യു ഡി എഫ്. ഇതുവരെ മൗനം പാലിച്ച ബി ജെ പി കൂടി നിലപാട് വ്യക്തമാക്കിയാൽ പ്രചരണ രംഗം കൂടുതൽ ചൂട് പിടിക്കുമെന്നാണ് കരുതുന്നത്