LiveTV

Live

Kerala

സ്ഥാനാർഥി നിർണ്ണയം : റാന്നിയിലും ആറന്മുളയിലും സിറ്റിംഗ് എം.എൽ.എ മാർക്കായി സി.പി.എം ജില്ലാ ഘടകം

തുടർ ഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തില് ഉറച്ച മണ്ഡലത്തിൽ നിലിവിലെ സ്ഥാനാർഥിയെ മാറ്റണമോയെന്നും ഘടക കക്ഷിക്ക് വിട്ടു നല്കണമോയെന്നുമാവും പാര്ട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കുക

സ്ഥാനാർഥി നിർണ്ണയം : റാന്നിയിലും ആറന്മുളയിലും സിറ്റിംഗ് എം.എൽ.എ  മാർക്കായി സി.പി.എം ജില്ലാ ഘടകം

ലോക്സഭ തെരഞ്ഞെടുപ്പിൽ അവസരം ലഭിച്ചവരെയും തുടർച്ചയായി മത്സരിച്ചവരെയും സ്ഥാനാർഥികളായി പരിഗണിക്കേണ്ടന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. എന്നാൽ റാന്നി , ആറന്മുള മണ്ഡലങ്ങളിൽ ഈ തീരുമാനം തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് പത്തനംതിട്ടയിലെ പാർട്ടി നേതാക്കൾ . അതുകൊണ്ട് തന്നെ സിറ്റിംഗ് എം.എൽ.എമാരായ രാജു എബ്രഹാമിനും വീണ ജോർജിനുമായി സംസ്ഥാന നേതൃത്വത്തിൽ സമ്മർദം ശക്തമാക്കാനാണ് സിപിഎം ജില്ലാ ഘടകത്തിന്റെ തീരുമാനം.

സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഏകദേശ ധാരണകളായെങ്കിലും കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനങ്ങളാണ് ആറന്മുള, റാന്നി മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ വീണ്ടും ചർച്ചകൾക്ക് വഴി വെച്ചത് .

വീണ ജോർജ് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതും രാജു എബ്രഹാം അഞ്ച് തവണ തുടര്ച്ചയായി മത്സരിച്ചതും പരിഗണിച്ചാൽ സെക്രട്ടറിയേറ്റ് തീരുമാനത്തിന് വിരുദ്ധമായി ജില്ലയിൽ സ്ഥാനാർഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിയില്ല .

എന്നാൽ സിറ്റിംഗ് സീറ്റുകളിൽ ഇരുവരെയും മാറ്റിയുള്ള പരീക്ഷണങ്ങൾ വേണ്ടന്നാണ് ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടത്. അതേസമയം കേരള കോണ്ഗ്രസ് കൂടി മുന്നണിയിലേക്ക് എത്തിയ സാഹചര്യത്തില് കൃത്യമായ ആലോചനകള്ക്കു ശേഷമാവും അന്തിമ തീരുമാനം സ്വീകരിക്കുകയെന്നാണ് സംസ്ഥാന നേതൃത്വം നല്കുന്ന വിശദീകരണം.

എം.എൽ.എമാരെന്ന എന്ന നിലയിലെ മികച്ച ട്രാക് റെക്കോര്ഡും ജനപിന്തുണയുമുള്ള ഇരുവര്ക്കും നിലവിലെ സാഹചര്യങ്ങള് അനുകൂലമാണങ്കിലും വനിത സ്ഥാനാര്ത്ഥി എന്ന അധിക മാര്ക്ക് കൂടി വീണ ജോര്ജിന് തുണയാവുന്നുണ്ട്.

അതേസമയം സീറ്റ് ലക്ഷ്യമിട്ട് കേരള കോണ്ഗ്രസ് ജില്ലയില് നീക്കങ്ങള് ശക്തമാക്കുന്ന സാഹചര്യത്തില് റാന്നിയുടെ കാര്യത്തിലാവും പാര്ട്ടിക്ക് കൂടുതല് ആലോചനകള് നടത്തേണ്ടി വരിക. സിറ്റിംഗ് എം.എല്.എയെ മാറ്റി പരീക്ഷിക്കുന്നത് റാന്നിയിലെ വിജയസാധ്യതകള്ക്ക് മങ്ങലേല്പ്പിക്കുമെന്നും സാമുദായിക സമവാക്യങ്ങളെ ബാധിക്കുമെന്നുമാണ് പ്രധാന നേതാക്കളുടെ വിലയിരുത്തല്. തുടര് ഭരണം ലക്ഷ്യമിടുന്ന സാഹചര്യത്തില് ഉറച്ച മണ്ഡലത്തില് നിലിവിലെ സ്ഥാനാര്ത്ഥിയെ മാറ്റണമോയെന്നും ഘടക കക്ഷിക്ക് വിട്ടു നല്കണമോയെന്നുമാവും പാര്ട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കുക.