ആകെ പൊട്ടിച്ചു കളഞ്ഞേനെ! ഐശ്വര്യ കേരള യാത്രയിൽ പൊല്ലാപ്പായി പടക്കം പൊട്ടിക്കൽ
പൊട്ടിയ പടക്കങ്ങളുടെ തീപ്പൊരികൾ നേരെ വീണത് വേദിയിലിരിക്കുന്ന നേതാക്കളുടെ തലയിലേക്കാണ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ കോഴിക്കോട്ടെ സ്വീകരണ വേദിയിൽ ആശങ്കയായി പടക്കം പൊട്ടിക്കൽ. സ്റ്റേജിന് പിന്നിൽ പൊട്ടിച്ച പടക്കങ്ങൾ കാറ്റിൽ വേദിയിലിരിക്കുന്ന നേതാക്കളുടെ തലയിൽ വന്നു വീണതോടെയാണ് ആശങ്ക പടർന്നത്.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ സ്വീകരണം ഉദ്ഘാടനം ചെയ്യാനായി എഴുന്നേറ്റ വേളയിലാണ് പടക്കം പൊട്ടിയത്. ആദ്യ കാഴ്ചയിലെ ആവേശം നിമിഷങ്ങൾക്കുള്ളിൽ ആശങ്കയിലേക്ക് വഴി മാറി.
പൊട്ടിയ പടക്കങ്ങളുടെ തീപ്പൊരികൾ നേരെ വീണത് വേദിയിലിരിക്കുന്ന നേതാക്കളുടെ തലയിലേക്ക്. കൈയിലിരുന്ന ന്യൂസ് പേപ്പർ അടക്കമുള്ള സാധനങ്ങൾ കൊണ്ട് തല മറയ്ക്കാനായി പിന്നെ നെട്ടോട്ടം. ചിലർ കസേരയുടെ കുഷ്യൻ വരെയെടുത്ത് പരിചയാക്കി. ഹൈദരലി തങ്ങൾക്ക് ഒരു വളണ്ടിയർ പേപ്പർ വിരിച്ച് രക്ഷ നൽകി.
ഡികെ ശിവകുമാർ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾ വേദിയിലുണ്ടായിരുന്നു. നേതാക്കളുടെ പ്രസംഗത്തിനിടെയും ദിശ മാറിപ്പൊട്ടുന്ന പടക്കവും വെളിച്ചവും കാണാമായിരുന്നു.