LiveTV

Live

Kerala

വനിതകൾക്ക് എല്ലാ ജില്ലകളിലും സീറ്റ്; സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡങ്ങൾ തീരുമാനിച്ച് സി.പി.എം

നിയമസഭയിലേക്ക് തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന പൊതുനിബന്ധനയില്‍ ഇളവുണ്ടാകും

വനിതകൾക്ക് എല്ലാ ജില്ലകളിലും സീറ്റ്; സ്ഥാനാർത്ഥി നിർണയത്തിന് മാനദണ്ഡങ്ങൾ തീരുമാനിച്ച് സി.പി.എം

കഴിഞ്ഞ ലോക്‍സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകേണ്ടെന്ന് തീരുമാനിച്ചത് സി.പി.എമ്മിലെ പ്രധാനികൾക്ക് തിരിച്ചടിയാകും. സംസ്ഥാന സമിതി അംഗം പി. ജയരാജനും സംസ്ഥാന സെക്രട്ടേറിയറ്റിലെ പ്രമുഖരായ കെ. എന്‍ ബാലഗോപാലിനും പി. രാജീവിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സീറ്റ് നല്‍കാൻ സാധ്യതയില്ല. എന്നാല്‍ നിയമസഭയിലേക്ക് തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന പൊതുനിബന്ധനയില്‍ ഇളവുണ്ടാകും. എല്ലാ ജില്ലയിലും ഒരു സീറ്റെങ്കിലും സ്ത്രീകൾക്ക് മാറ്റിവയ്ക്കാനും സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവരെ വീണ്ടും വേഗത്തിൽ മത്സരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലാണ് സി.പി.എമ്മിലെ പ്രധാനികള്‍ക്ക് വിലങ്ങുതടിയാകുന്നത്. തോറ്റവരെ നിയമസഭയിലേക്ക് പരിഗണിക്കേണ്ടെന്ന നിബന്ധന കര്‍ശനമായി പാലിക്കാനാണ് സംസ്ഥാന സമിതി തീരുമാനം. ഇതോടെ വടകരയില്‍ മത്സരിച്ചു പരാജയപ്പെട്ട പി.ജയരാജന് സീറ്റ് ലഭിക്കാൻ സാധ്യതയില്ല.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍.ബാലഗോപാല്‍ കൊല്ലത്തും പി.രാജീവ് എറണാകുളത്തും മത്സരിച്ചു പരാജയപ്പെട്ടവരാണ്. കളമശ്ശേരിയില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന രാജീവിനും കൊട്ടാരക്കരയില്‍ പരിഗണിക്കപ്പെട്ടിരുന്ന കെ.എന്‍ ബാലഗോപാലിനും വഴിയടയും. കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിച്ചിരുന്നു. ഏറ്റുമാനൂരില്‍ വാസവന്‍ മത്സരിക്കാനുള്ള സാധ്യതയും ഇതോടെ ഇല്ലാതായി. പാലക്കാട് മുന്‍ എം.പി എം.ബി രാജേഷും നിയമസഭയിലേക്ക് മത്സരിക്കുമെന്നായിരുന്നു സൂചനകള്‍. പുതിയ നിബന്ധന രാജേഷിനും തിരിച്ചടിയായി. പി.കെ ബിജുവിനും കാസര്‍ഗോട്ടെ കെ.പി സതീഷ്ചന്ദ്രനും സമാനമായ തടസ്സങ്ങളുണ്ട്.

എന്നാൽ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിന് വീണ്ടും അവസരം നൽകും. വീണയുടെ ലോക്‍സഭയിലേക്കുള്ള മത്സരം പ്രത്യേക സാഹചര്യത്തിലാണെന്നാണ് പാർട്ടി കണക്ക് കൂട്ടുന്നത്. ഇടത് സ്വതന്ത്രനായതിനാല്‍ ഇടുക്കിയില്‍ മത്സരിച്ചു തോറ്റ ജോയ്‌സ് ജോര്‍ജിനും നിബന്ധന തടസ്സമായേക്കില്ല. ജില്ലാ കമ്മിറ്റികളുടെ നിലപാടും വിജയസാധ്യതയും പരിഗണിച്ച് രണ്ടു ടേം നിബന്ധനയില്‍ ഇളവു നല്‍കും.

എല്ലാ ജില്ലയിലും ഒരു സീറ്റ് സ്ത്രീകള്‍ക്കായി നിര്‍ബന്ധമായും മാറ്റിവയ്ക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം. ഒന്നിലധികമായാലും തെറ്റില്ല. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പരമാവധി പരിഗണന നല്‍കാനാണ് തീരുമാനം. പൊതുസമ്മതര്‍, പ്രൊഫഷണലുകള്‍, സാഹിത്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവരേയും പരിഗണിക്കാനാണ് ആലോചന.