മതത്തിൻ്റെ ചിഹ്നങ്ങളെ നിരാകരിച്ചവർ സമുദായത്തിൻ്റെ പ്രിവിലേജ് പറ്റുന്നത് ഉളുപ്പില്ലായ്മയാണ്: സത്താർ പന്തല്ലൂർ
എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സര്‍വകലാശാലയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ പ്രതികരണം

മതത്തിൻ്റെ ചിഹ്നങ്ങളെ നിരാകരിച്ചവർ സമുദായത്തിൻ്റെ പ്രിവിലേജ് പറ്റുന്നത് ഉളുപ്പില്ലായ്മയാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സര്‍വകലാശാലയിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ പ്രതികരണം
സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നവർ സാമുദായിക സംവരണത്തിൻ്റെ ആനുകൂല്യം അനർഹമായി പറ്റുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.
യോഗ്യതയും റാങ്കും ഉള്ള സമുദായ അംഗങ്ങളെ തള്ളിമാറ്റി തൊഴിൽ തട്ടിയെടുക്കുന്ന നടപടി നിർത്തണമെന്നും പിൻവാതിൽ നിയമനങ്ങൾ നിർത്തി സംവരണവും സാമൂഹ്യ നീതിയും പാലിച്ച് നിയമനം നടത്താൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സാമുദായിക സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്നവർ സാമുദായിക സംവരണത്തിൻ്റെ ആനുകൂല്യം അനർഹമായി പറ്റുന്നത് പ്രതിഷേധാർഹമാണ്. ജീവിതത്തിൽ മതത്തിൻ്റെ ചിഹ്നങ്ങളെ നിരാകരിച്ച ശേഷം സമുദായത്തിൻ്റെ പ്രിവിലേജ് പറ്റുന്നത് മിതമായി പറഞ്ഞാൽ ഉളുപ്പില്ലായ്മയാണ്. അർഹതയുള്ളവരെ തള്ളിമാറ്റി ഭരണത്തിൻ്റെ ബലത്തിൽ ഉദ്യോഗങ്ങൾ തട്ടിയെടുത്ത് തിണ്ണമിടുക്ക് കാണിക്കുകയാണ്. സാമുദായിക സംവരണ ആവശ്യങ്ങൾ ഉന്നയിക്കുന്നത് വർഗീയ ധ്രുവീകരണമുണ്ടാക്കിയെന്ന് ആക്ഷേപിച്ച ശേഷമാണ് സമുദായത്തിൻ്റെ അവസരം കവരുന്നത്. യോഗ്യതയും റാങ്കും ഉള്ള സമുദായ അംഗങ്ങളെ തള്ളിമാറ്റി തൊഴിൽ തട്ടിയെടുക്കുന്ന നടപടി നിർത്തണം. പിൻവാതിൽ നിയമനങ്ങൾ നിർത്തി സംവരണവും സാമൂഹ്യ നീതിയും പാലിച്ച് നിയമനം നടത്താൻ സർക്കാർ തയ്യാറാകണം.