മീഡിയവണിന് പി.ആർ.ഡി പുരസ്കാരം
മീഡിയവൺ സീനിയർ വീഡിയോ എഡിറ്റർ ശ്രീജിത്ത് കണ്ടോത്തിനാണ് പുരസ്കാരം ലഭിച്ചത്

പി.ആർ.ഡി സംഘടിപ്പിച്ച മിഴിവ് 2021 വിജയികളെ പ്രഖ്യാപിച്ചു. മീഡിയവൺ സീനിയർ വീഡിയോ എഡിറ്റർ ശ്രീജിത്ത് കണ്ടോത്തിന് പുരസ്കാരം. പ്രോത്സാഹന സമ്മാനമാണ് ലഭിച്ചത്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ഓൺലൈൻ വീഡിയോ മത്സരമായിരുന്നു 'മിഴിവ്-2021'. സംസ്ഥാന സർക്കാർ വകുപ്പുകളുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സര പരിപാടി സംഘടിപ്പിച്ചത്.
കെ.ടി.ബാബുരാജ് സംവിധാനം ചെയ്ത അതേ കഥയുടെ പുനരാഖ്യാനം ഒന്നാം സമ്മാനം നേടി. സൂരജ് രാജന്റെ 'ചിരി' രണ്ടാം സമ്മാനത്തിനും സരിൻ രാമകൃഷ്ണന്റെ കിറ്റ് മൂന്നാം സമ്മാനത്തിനും അർഹമായി.
പ്രോത്സാഹന സമ്മാനം അരുൺ മോഹൻ, അശ്വതി പി, ബിനു സെബാസ്റ്റ്യൻ, ഷമീർ പതിയാശ്ശേരി, ശ്രീജിത് കണ്ടോത്ത് എന്നിവർക്കാണ്. നിങ്ങൾ കണ്ട വികസന കാഴ്ച എന്നതായിരുന്നു മത്സര വിഷയം. മുന്നൂറിലധികം അപേക്ഷകൾ മത്സരത്തിനുണ്ടായിരുന്നു. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ യഥാക്രമം 50,000 രൂപയും 25,000 രൂപയും ആണ്. പ്രോത്സാഹന സമ്മാനമായി അഞ്ച് പേർക്ക് 5,000 രൂപ വീതം നൽകും. പ്രശംസാപത്രവും ഫലകവും സമ്മാനത്തോടൊപ്പം നൽകും. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വിപിൻ മോഹൻ ചെയർമാനും വിധുവിൻസെന്റ്, സജീവ് പാഴൂർ, സജിൻ ബാബു, രാജലക്ഷ്മി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.