LiveTV

Live

Kerala

ഒറ്റയാൾ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല: കെ.സുരേന്ദ്രനെതിരെ വിമർശനവുമായി പി.പി മുകുന്ദൻ

സുരേന്ദ്രനെ പാർട്ടിയിൽ കൊണ്ടു വന്നത് താനാണ്. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നും പി. പി മുകുന്ദൻ

ഒറ്റയാൾ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല: കെ.സുരേന്ദ്രനെതിരെ വിമർശനവുമായി പി.പി മുകുന്ദൻ

കെ സുരേന്ദ്രനെതിരെ വിമർശനവുമായി ബി.ജെ.പി മുൻ അധ്യക്ഷൻ പി.പി മുകുന്ദൻ. ഒറ്റയാൾ നേതൃത്വം ബി.ജെ.പിക്ക് ഗുണം ചെയ്യില്ല. പഴയ ആളുകളുടെ കൂടി അഭിപ്രായം തേടാൻ നേതൃത്വം തയ്യാറാകണം. പാർട്ടിയുമായി ബന്ധമില്ലാത്ത ആളാണ് മുകുന്ദൻ എന്ന സുരേന്ദ്രന്‍റെ പരാമർശം മാനസിക വിഷമം ഉണ്ടാക്കി. പ്രസ്താവന തിരുത്താൻ സുരേന്ദ്രൻ തയ്യാറാവണം. അല്ലങ്കിൽ വിനാശ കാലേ വിപരീത ബുദ്ധി എന്ന് മാത്രമേ പറയാനുള്ളു. സുരേന്ദ്രനെ പാർട്ടിയിൽ കൊണ്ടു വന്നത് താനാണ്. സുരേന്ദ്രന് ഗുരുത്വം ആവശ്യമാണെന്നും പി. പി മുകുന്ദൻ മീഡിയവണ്ണിനോട് പറഞ്ഞു.

പാർട്ടിയിൽ മൂല്യ ച്യുതി ഉണ്ടാകരുത് എന്നാണ് ആഗ്രഹം. എൽ.ഡി.എഫും യു.ഡി.എഫും തെരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങി. എന്നാൽ ബി.ജെ.പി ഇപ്പോഴും തെരഞ്ഞെടുപ്പിനെ കുറിച്ച് ആലോചിച്ചു തുടങ്ങിയിട്ടില്ല. കൃത്യമായ തെരഞ്ഞെടുപ്പ് തന്ത്രം തയ്യാറാക്കിയില്ലങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിനെക്കാൾ വലിയ തിരിച്ചടി ഉണ്ടാകുമെന്നും മുകുന്ദന്‍ പറഞ്ഞു.

മൂക്കാതെ പഴുത്തതാണ് ശോഭ സുരേന്ദ്രന്‍റെ പ്രശ്നം. വരുന്ന ആറു മാസം നിശബ്ദയായിരിക്കാൻ താൻ ശോഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്യങ്ങൾ സംസാരിച്ചു പരിഹരിക്കാൻ നേതൃത്വവും തയ്യാറാകണം. ആളുകളെ കൂട്ടി യോജിപ്പിച്ചു പോകാൻ നിലവിലെ നേത്രത്വത്തിന് കഴിയുന്നില്ല. പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ല. തന്നെ ആവശ്യമുണ്ടെന്നു തോന്നിയാൽ അവർ തിരിച്ചു വിളിക്കട്ടെയെന്നും പി.പി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു